വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നാവോ പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടി ആശുപത്രി വിട്ടു. പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും ഡല്‍ഹിയില്‍ താമസിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് ഡല്‍ഹി കോടതി ഉത്തരവിട്ടു. മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗറിനെതിരായിരുന്നു പെണ്‍കുട്ടിയുടെ പരാതി.
ജൂലൈ 28ന് ഉത്തർപ്രദേശിലെ റയ്ബറേലിയില്‍ വെച്ച് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിക്കുകയായിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ടു ബന്ധുക്കള്‍ കൊല്ലപ്പെടുകയും അഭിഭാഷകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ലക്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ കോടതി നിര്‍ദേശ പ്രകാരം പിന്നീട് ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടം കരുതിക്കൂട്ടിയുണ്ടാക്കിയതാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്ന് കൊലക്കുറ്റം ചുമത്തി കുല്‍ദീപ് സിംഗ് സെന്‍ഗാറടക്കം പത്തു പേര്‍ക്കെതിരേ സി.ബി.ഐ കേസെടുത്തിരുന്നു.
ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായതോടെയാണ് പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് എയിംസ് അധികൃതർ അറിയിച്ചത്. ഇക്കാര്യം ഡല്‍ഹി കോടതിയെ നേരത്തെ അറിയിക്കുകയും ചെയ്തു. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യം അറിയിച്ചതോടെ പെണ്‍കുട്ടിക്കും കുടുംബത്തിനും ഡല്‍ഹിയില്‍ തന്നെ താമസിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. അതുവരെ എയിംസിലെ ട്രോമ കെയറിലുള്ള ഹോസ്റ്റലില്‍ ഇവര്‍ക്ക് താമസ സൗകര്യമൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചു.