പി.വി അന്‍വര്‍ എംഎല്‍എയുടെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാന്‍ കൊവിഡ് തടസം ; വിചിത്ര റിപ്പോര്‍ട്ടുമായി ക്രൈംബ്രാഞ്ച്

Jaihind Webdesk
Saturday, August 28, 2021

പി.വി അന്‍വര്‍ എംഎല്‍എയുടെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാന്‍ കൊവിഡ് തടസമെന്ന് ക്രൈം ബ്രാഞ്ചിന്‍റെ വിചിത്ര റിപ്പോര്‍ട്ട്. മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി വിക്രമന്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വിചിത്രപരാമര്‍ശം

പി.വി അന്‍വര്‍ എം.എല്‍.എ പ്രതിയായ 50 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിന്‍റെ അന്വേഷണത്തിന് കര്‍ണാടകയിലെ കൊവിഡ് നിയന്ത്രണങ്ങള്‍ തടസമാകുന്നതായാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. . കര്‍ണാടകയില്‍ കൊവിഡ് ലോക്ഡൗണ്‍ ഒഴിവാക്കുകയും കോളേജുകളും സ്‌കൂളുകളും വരെ തുറക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കൊവിഡ് നിയന്ത്രണം കേസന്വേഷണത്തിന് തടസമാണെന്ന വിചിത്ര റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എഞ്ചിനീയറുടെ 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം നടുത്തൊടി സ്വദേശി സലീമാണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവുപ്രകാരം അന്വേഷണം ആരംഭിച്ച് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പ്രതിയായ പി.വി അന്‍വര്‍ എം.എല്‍.എയെ അറസ്റ്റു ചെയ്യുകയോ ക്രഷര്‍ സംബന്ധമായ രേഖകള്‍ കണ്ടെടുക്കുകയോ ചെയ്യാതെ വ്യാജരേഖകള്‍ ചമച്ച് അന്വേഷണം അട്ടിമറിക്കുകയാണെന്നാരോപിച്ച് സലീമിന്റെ ഹരജിയിലാണ് കേസന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാക്കിയത്.  തുടര്‍ന്ന് ക്രൈം ബ്രാഞ്ചിനോട് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉത്തരവിടുകയായിരുന്നു.

കൂടുതല്‍ സാക്ഷികളെ വിസ്തരിക്കാനും രേഖകള്‍ പരിശോധിക്കാനുമുണ്ടെന്നും ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രഷര്‍ കൈമാറിയ ചെര്‍ക്കള സ്വദേശി ഇബ്രാഹിമിനോട് രേഖകളുമായി ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മംഗലാപുരത്ത് പോയി സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ ശേഖരിച്ച് അന്വേഷണം നടത്താന്‍ കര്‍ണാടക സര്‍ക്കാരിന്റെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തേണ്ടതുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്.

അതേസമയം കൊവിഡ് നെഗറ്റീവായ ആര്‍.ടി.പി.സിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ടുള്ള കേരളത്തിലുള്ള ആര്‍ക്കും കര്‍ണാടകയില്‍ പ്രവേശിക്കാന്‍ നിലവില്‍ യാതൊരു വിലക്കുമില്ല. ദുബായില്‍ പെട്രോളിയം എന്‍ജിനീയറായ സലീം കേസന്വേഷണത്തിന്റെ ഭാഗമായി ആറു തവണ നാട്ടിലെത്തി അന്വേഷണസംഘത്തിന് മൊഴി നല്‍കുകയും തെളിവുകള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.  പ്രതിയായ പി.വി അന്‍വര്‍ വിദേശത്തായതിനാല്‍ മൊഴിയെടുക്കാന്‍ സാധിച്ചില്ലെന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി  ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയും നേരത്തെ വിവാദമായിരുന്നു.