ഷംസീറിന്റെ പേര് പൊലീസിനോട് പറഞ്ഞിട്ടുണ്ട്; മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് സി.ഒ.ടി നസീര്‍

കണ്ണൂര്‍: വടകരയില്‍ സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എഎന്‍ ഷംസീറിന്റെ പേരില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് സിഒടി നസീര്‍. വധശ്രമം നടത്തിയത് കണ്ണൂരിലെ പ്രാദേശിക നേതാക്കളാണ്. അതില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ പങ്കും ആരുടെയൊക്കെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് അക്രമികള്‍ പ്രവര്‍ത്തിച്ചതെന്നും പോലീസിനോട് വിശദമായി പറഞ്ഞിട്ടുണ്ടെന്ന് സി.ഒ.ടി നസീര്‍ പറഞ്ഞു. മൊഴി രേഖപ്പെടുത്തിയപ്പോഴെല്ലാം ഗൂഢാലോചനയെ കുറിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ട്. തലശേരി സിഐ വിശ്വംഭരന്‍ വീട്ടില്‍ വന്നാണ് മൊഴിയെടുത്തത് .തലേശരി എംഎല്‍എ എ.എന്‍ ഷംസീര്‍ ഭീഷണിപ്പെടുത്തിയ കാര്യവും വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സിഒടി നസീര്‍ പറയുന്നു. എന്നാല്‍ പൊലീസ് എന്തുകൊണ്ടാണ് പുറത്ത് പറയാത്തതെന്നും സിഒടി നസീര്‍ ചോദിക്കുന്നു.

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെതിരെ നടന്ന ആക്രമണം ഒറ്റപ്പെട്ട സംഭവമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേസില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നസീറിന്റെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തി. മൂന്ന് തവണയും മൊഴി നസീറിനെ വായിച്ച് കേള്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.

എംഎല്‍എ ഓഫീസിലേക്ക് വിളിച്ച് വരുത്തി എഎന്‍ ഷംസീര്‍ ഭീഷണിപ്പെടുത്തിയെന്ന് സിഒടി നസീര്‍ ആരോപിച്ചിരുന്നു. എഎന്‍ ഷംസീറിനെതിരായി സിഒടി നസീറിന്റെ ആരോപണങ്ങള്‍ പ്രതിപക്ഷം പലതവണ ഓര്‍മ്മിപ്പിച്ചെങ്കിലും മുഖ്യമന്ത്രി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. സിഒടി നസീറിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത് അടക്കമുള്ള കാര്യങ്ങളും പ്രതിപക്ഷം ശ്രദ്ധയില്‍പ്പെടുത്തി. പൊതു പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും പ്രതിപക്ഷം നിയമസഭയില്‍ ആവര്‍ത്തിച്ചു. എന്നാല്‍ സംഭവത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Comments (0)
Add Comment