സി.ഒ.ടി നസീർ വധശ്രമം: ഒളിവിലെന്ന് പോലീസ് പറഞ്ഞ പ്രതി കണ്‍മുന്നില്‍; അറസ്റ്റ് ചെയ്യാതെ പോലീസ്

സി.ഒ.ടി നസീർ വധശ്രമ കേസിലെ മുഖ്യ സൂത്രധാരൻ പൊട്ടിയൻ സന്തോഷിനെ അറസ്റ്റ് ചെയ്യാതെ പോലീസ്. മറ്റൊരു കേസിലെ ശിക്ഷാവിധി കേൾക്കാനായി സന്തോഷ് കോടതിയിലെത്തിയെങ്കിലും അറസ്റ്റ് ചെയ്യാൻ പോലീസ് തയാറായില്ല. ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡന്‍റ് സുമേഷിനെ അക്രമിച്ച കേസിൽ സന്തോഷടക്കം ആറ് പ്രതികളെ കോടതി പത്ത് വർഷം കഠിന തടവിന് ശിക്ഷിച്ചു.

സി.ഒ.ടി നസീറിന് നേരെയുണ്ടായ വധശ്രമം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും ചൊക്ലി സ്വദേശി പൊട്ടിയൻ സന്തോഷ് ആണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. സന്തോഷ് കർണാടകയിൽ ഒളിവിൽ ആണെന്നായിരുന്നു പൊലീസ് ഭാഷ്യം. സന്തോഷിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിട്ടുണ്ടെന്നാണ്  പൊലീസ് വൃത്തങ്ങൾ പറഞ്ഞിരുന്നത്. ഇതിനിടയിലാണ് ഇന്ന് ഉച്ചയോടെ പോലീസിന്‍റെ കൺമുന്നിലൂടെ പൊട്ടിയൻ സന്തോഷ് തലശേരി സെഷൻസ്  കോടതിയിൽ എത്തിയത്. എസ്.ഐ ഉൾപ്പെടെ നോക്കി നിൽക്കെയായിരുന്നു സന്തോഷ് കോടതിയിൽ കയറിയത്.

2008 ൽ ആർ.എസ്.എസ് നേതാവ് സുമേഷിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ശിക്ഷാ വിധി കേൾക്കാനാണ് സന്തോഷ് കോടതിയിലെത്തിയത്. സി.ഒ.ടി നസീർ വധശ്രമ കേസ് അന്വേഷിക്കുന്ന എസ്.ഐ ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ കോടതിയിൽ ഉണ്ടായിരുന്നു. സുമേഷിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയായ സന്തോഷ് ഉൾപ്പടെ ആറ് പ്രതികൾക്ക് പത്ത് വർഷത്തെ കഠിന തടവാണ്  കോടതി വിധിച്ചത്. തുടർന്ന് സന്തോഷ് ഉൾപ്പടെയുളള പ്രതികളെ കണ്ണുർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ഏറെക്കാലമായി തലശ്ശേരി മേഖലയിൽ നടക്കുന്ന രാഷ്ട്രിയ സംഘർഷങ്ങളിലും കൊലപാതകങ്ങളിലും പൊട്ടിയൻ സന്തോഷിന് പങ്കുണ്ടെന്നാണ് ആരോപണം.

കേസിൽ ശിക്ഷിക്കപ്പെട്ട സന്തോഷിനെ സി.ഒ.ടി നസീർ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം അടുത്ത ദിവസം കോടതിയിൽ അപേക്ഷ നൽകും.

c.o.t naseerpottiyan santhosh
Comments (0)
Add Comment