ക്യാന്‍സര്‍, പ്രമേഹ മരുന്നുകളുടെ വില കുറയും; അവശ്യമരുന്നുകളുടെ പരിഷ്കരിച്ച പട്ടിക പുറത്തിറക്കി

Jaihind Webdesk
Tuesday, September 13, 2022

ന്യൂഡല്‍ഹി: അവശ്യമരുന്നുകളുടെ പരിഷ്കരിച്ച പട്ടിക കേന്ദ്ര സർക്കാർ പുറത്തിറക്കി. 384 മരുന്നുകളുടെ പട്ടികയാണ് പുറത്തിറക്കിയത്. ഇതിനു പുറമേ വിവിധ ആന്‍റിബയോട്ടിക്കുകളും വാക്സിനുകളും പ്രമേഹത്തിനെതിരായ മരുന്നുകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പട്ടിക പ്രാബല്യത്തിൽ വരുന്നതോടെ ക്യാൻസർ, പ്രമേഹ മരുന്നുകൾക്ക് വില കുറയും.

34 പുതിയ മരുന്നുകളെ പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തിയപ്പോൾ 26 മരുന്നുകളെ ഒഴിവാക്കി. നാല് ക്യാൻസർ മരുന്നുകൾ പട്ടികയിൽ ഉൾപ്പെടുത്തി. പ്രമേഹത്തിനുള്ള ഇൻസുലിൻ ഗ്ലാര്‍ഗിൻ, ടെനിഗ്ലിറ്റിൻ മരുന്നുകളും ക്ഷയരോഗത്തിനുള്ള ഡിലാമാനിഡ് മരുന്നും കൂട്ടിച്ചേര്‍ത്തവയിൽ ഉൾപ്പെടുന്നു. രണ്ട് ആന്‍റി ഫംഗൽ മരുന്നുകളും പുതിയതായി കൂട്ടിച്ചേര്‍ത്തവയിൽ ഉൾപ്പെടുന്നു.

പുതുക്കിയ പട്ടികയിൽ 384 മരുന്നുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 2015ൽ പ്രസിദ്ധീകരിച്ച പട്ടികയിലുള്ളതിനേക്കാൾ 8 മരുന്നുകൾ കൂടി പുതിയതായി ഉൾപ്പെടുത്തി. 2015ൽ പുറത്തിറക്കിയ പട്ടികയിൽ 376 മരുന്നുകളാണ് ഉണ്ടായിരുന്നത്. അടിയന്തര ഉപയോഗത്തിന് അനുമതി മാത്രമേ നൽകിയിട്ടുള്ളൂ എന്നതിനാൽ കൊവിഡ് മരുന്നുകൾ പട്ടികയിൽ ഇല്ല.