സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികളുടെ യൂണിഫോം പദ്ധതിയിൽ വൻ അഴിമതി. യൂണിഫോമിന് അവശ്യമായ തുണി സംസ്ഥാനത്തെ കൈത്തറി യൂണിറ്റുകളിൽ ഉൽപ്പാദിപ്പിക്കണമെന്ന വ്യവസ്ഥ അട്ടിമറിച്ച് അന്യ സംസ്ഥാനങ്ങളിൽ നിന്നും ഗുണനിലവാരം കുറഞ്ഞ തുണിത്തരങ്ങൾ വാങ്ങി. യൂണിഫോമുകൾക്ക് ഗുണനിലവാരമില്ലെന്ന് ചൂണ്ടി കാട്ടി ഹാന്‍റ് ലൂം ഡയറക്ടർ കീഴ്ഘടകങ്ങൾക്ക് അയച്ചകത്തും ലാബ് റിപ്പോർട്ടും പുറത്ത്. ജയ്ഹിന്ദ് എക്സ്ക്ലൂസീവ്.
സ്കൂൾ കുട്ടികളുടെ സൗജന്യ യൂണിഫോം പദ്ധതിയിൽ നടന്ന അഴിമതിയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഒന്ന് മുതൽ എട്ട് വരെള്ള ക്ലാസുകളിലെ കുട്ടികൾക്ക് സൗജന്യമായി രണ്ട് ജോഡി കൈത്തറി യൂണിഫോം നൽകുമെന്നതിനായാണ് സർക്കാർ പദ്ധതി തയാറാക്കിയത്. ടെക്സ്റ്റൈൽ കോർപ്പറേഷൻ നൽകി സംസ്ഥാനത്തെ വിവിധ കൈത്തറി ക്കണിറ്റുകൾ വഴി യൂണിഫോം തുണി ഉൽപ്പാദിപ്പിക്കും എന്നായിരുന്നു പ്രഖ്യാപനം.
തകർച്ച നേരിടുന്ന കൈത്തറി മേഖലയുടെ ഉന്നമനം കൂടി ലക്ഷ്യമിട്ടായിരുന്നു യൂണിഫോമുകളുടെ ഉൽപ്പാദനം ഹാന്‍റെക്സിന്‍റെയും ഹാന്‍റ് വീവിന്‍റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റെയും കീഴിലുള്ള കൈത്തറി യൂണിറ്റുകളെ ഏൽപ്പിക്കാനുള്ള തീരുമാനം കൈകൊണ്ടത്. എന്നാൽ ഈ തീരുമാനം പൂർണമായും അട്ടിമറിക്കപ്പെട്ടു. സംസ്ഥാനത്തെ സ്കൂളുകളിൽ വിതരണം ചെയ്യുന്നതിനായി തമിഴ്നാട്ടിലെയും കർണാടകയിലെയും മില്ലുകളിൽ നിന്ന് ഗുണനിലവാരം കുറഞ്ഞ യൂണിഫോം തുണിത്തരങ്ങൾ വാങ്ങി. പിന്നീട് അവ കേരള കൈത്തറി എന്ന പേരിൽ സ്കൂളുകളിൽ വിതരണം ചെയ്തു.
സ്കൂൾ യൂണി ഫോമുകൾക്ക് ഗുണനിലവാരമില്ലെന്ന് ചൂണ്ടി കാട്ടി ഹാന്‍റ് ലൂം ഡയറക്ടർ വ്യവസായ കേന്ദ്രത്തിനും ഹാന്‍റെക്സിനും ഹാന്‍റ് വീവിനും അയച്ച കത്താണ് ഇത്. യുണിഫോം തുണിയിൽ ഉപയോഗിച്ചിരിക്കുന്ന നൂൽ സർക്കാർ കൈത്തറി സ്കൂൾ യൂണിഫോമിന്‍റേതല്ല എന്ന് ഗുണമേന്മ പരിരിശോധനയിൽ വ്യക്തമായതായി ഈ റിപ്പോർട്ടിൽ പറയുന്നു.ഇത്തരം തുണിയുടെ ഉൽപ്പാദനം നടന്നത് ഏത് ജില്ലയിൽ നിന്നാണെന്ന് വ്യക്തമാക്കണമെന്നും ഹാന്‍റ് ലൂം ഡയറക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു കുട്ടിക്ക് രണ്ട് ജോഡി യൂണിഫോമിന്‍റെ തുണിക്കായി തുന്നൽകൂലിയും ഉൾപ്പെടെ 400 രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും 200 രൂപ പോലും ഒരു കുട്ടിക്കായി മുടക്കുന്നില്ലെന്നത് വ്യാപക പരാതികളിൽ നിന്നു വ്യക്തമാണ്.
ഒറ്റ നോട്ടത്തിൽ കേരള കൈത്തറി തുണിയല്ലെന്ന് വ്യക്തമാകുന്നവയാണ് കേരള കൈത്തറി എന്ന സീലിൽ സ്കൂളുകളിലേക്ക് എത്തുന്നത്. ഗുണനിലവാരമില്ലാത്ത ഈ തുണി അന്യസംസ്ഥാനങ്ങളിൽ നിന്ന് ഒന്നിച്ച് എത്തിച്ച് സർക്കാർ ലാഭം കൊയ്യുകയാണെന്നും ആക്ഷേപമുണ്ട്.
https://youtu.be/SztgdqqKuIA