റോഡ് നവീകരണത്തില്‍ കോടികളുടെ അഴിമതി; ജോർജ് എം തോമസ് എം.എല്‍.എക്കെതിരെ പ്രതിഷേധം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്

Jaihind News Bureau
Sunday, May 31, 2020

 

കോഴിക്കോട് : അഗസ്ത്യൻ മൂഴി റോഡ് നവീകരണത്തിൽ കോടികളുടെ അഴിമതി നടത്തിയ തിരുവമ്പാടി എം.എൽ.എ ജോർജ് എം തോമസിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. 13 കോടിയുടെ അഴിമതി നടത്തിയ എം.എൽ.എ രാജി വെക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

86 കോടിയിലധികം രൂപ മുടക്കി നവീകരിക്കുന്ന അഗസ്ത്യൻമൂഴി – കൈതപ്പൊയിൽ റോഡ് പ്രവൃത്തിയിൽ കോടികളുടെ അഴിമതി നടക്കുന്നതായാണ് യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആരോപണം. സർക്കാർ ഉത്തരവ് പ്രകാരം അന്താരാഷ്ട്ര നിലവാരത്തോടെ റോഡ് നിർമ്മിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിർമ്മാണം നടക്കുന്നത്. എം.എൽ.എയും ഉദ്യോഗസ്ഥരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നും 13 കോടിയോളം രൂപയുടെ അഴിമതിയാണ് നടത്തിയതെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.

22 കിലോമീറ്റർ റോഡ് നവീകരിക്കുന്നതിനായി അനുവദിച്ച ഒന്നര വർഷ കാലാവധി അവസാനിച്ച് മാസങ്ങൾ പിന്നിട്ടിട്ടും 30 ശതമാനം പ്രവൃത്തി മാത്രമാണ് പൂർത്തിയായതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. കേബിൾ ചാൽ ഒഴിവാക്കുകയാണങ്കിൽ അതിന്‍റെ സ്ഥലം ഒഴിച്ചിടണമെന്ന് കിഫ്ബി യുടെ ഉത്തരവിൽ പറയുന്നുണ്ട്. ഇത്തരമൊരു ഉത്തരവ് കിഫ്ബിക്ക് ഇറക്കാൻ അനുമതിയില്ലങ്കിലും ആ ഉത്തരവ് പോലും മറികടന്ന് സ്ഥലം ഒഴിച്ചിടാതെ നടക്കുന്ന പ്രവൃത്തി സുതാര്യമായി നടത്തണമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പ്രവൃത്തി വേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കരാർ കമ്പനിക്ക് കത്ത് നൽകിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിൽ ദുരൂഹതയുണ്ടനും ഇവർ ആരോപിക്കുന്നു.