കൊവിഡ് കാലത്തെ അഴിമതി; ഇരട്ടി വിലയ്ക്ക് ഗ്ലൗസ് വാങ്ങിയത് 12 കോടിക്ക്! ഓര്‍ഡര്‍ മുന്‍പരിചയമില്ലാത്ത കമ്പനിക്ക്; വ്യവസ്ഥകള്‍ പേനകൊണ്ട് വെട്ടിത്തിരുത്തി

Jaihind Webdesk
Thursday, December 30, 2021

തിരുവനന്തപുരം : കൊവിഡ് കാലത്ത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നടത്തിയ അഴിമതിയുടെ കൂടുതൽ രേഖകൾ പുറത്ത്. ഗ്ലൗസ് വാങ്ങാൻ 12 കോടിയിലധികം രൂപയുടെ ഓർഡർ നൽകിയത് മാനേജിംഗ് ഡയറക്ടർ പോലും അറിയാതെ. കമ്പ്യൂട്ടറിൽ തയാറാക്കിയ ഉത്തരവിലെ പ്രധാന വ്യവസ്ഥകൾ പേന കൊണ്ടു വെട്ടി തിരുത്തി. കോടികളുടെ ഓർഡർ നൽകിയത് മെഡിക്കൽ രംഗത്ത് മുൻപരിചയമില്ലാത്ത സ്ഥാപനത്തിന്. രേഖകളുടെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

കൊവിഡ് കാലത്ത് ആരോഗ്യവകുപ്പും ഇടതു സർക്കാരും നടത്തിയ കൊള്ളകൾ ഒന്നൊന്നായി പുറത്തു വരുന്നതിനിടെയാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ 12 കോടിയിലധികം രൂപയ്ക്ക് ഗ്ലൗസ് വാങ്ങാൻ പുറത്തിറക്കിയ ഉത്തരവ് കൂടി വിവാദമാകുന്നത്. മാനേജിംഗ് ഡയറക്ടർ പോലുമറിയാതെ ഇറക്കിയ ഉത്തരവിൽ ഒപ്പിട്ടത് കാരുണ്യ പർച്ചേസ് വിഭാഗത്തിലെ അസിസ്റ്റന്‍റ് മാനേജർ ആണ്. കൊവിഡ് കാലത്ത് പിപിഇ കിറ്റും ഗ്ലൗസും ഉൾപ്പെടെ 15 ഇനങ്ങൾ അവശ്യ മരുന്നുകളുടെ ഗണത്തിൽപ്പെടുത്തി സർക്കാർ വില നിയന്ത്രിച്ചിരുന്നു. ആ വില മറികടന്ന് ഇരട്ടിവില നൽകി ഗ്ലൗസ് വാങ്ങാൻ കെ.എം.എസ്.സി.എൽ ഉത്തരവിറക്കുകയായിരുന്നു.

എല്ലാ ചട്ടങ്ങളും മറികടന്ന് വിതരണ കമ്പനിക്ക് 6.07 കോടി രൂപ മുൻകൂർ നൽകാനും തീരുമാനമായി. ഇതിനായി കമ്പ്യൂട്ടറിൽ തയാറാക്കിയ ഉത്തരവിലെ രണ്ട് പ്രധാന വ്യവസ്ഥകൾ പേനകൊണ്ട് തിരുത്തി. ഇൻവോയ്സ് തയ്യാറാക്കി അഞ്ചു ദിവസത്തിനുള്ളിൽ പണം നൽകണമെന്ന് തിരുത്തിയതിനോടൊപ്പം ഉൽപ്പന്നത്തിന് 60 ശതമാനമെങ്കിലും ഉപയോഗ കാലാവധി വേണമെന്ന വ്യവസ്ഥ പൂർണമായും വെട്ടിമാറ്റി. ഒരു കോടി ഗ്ലൗസിന്റെ ഓർഡർ നൽകി മൂന്ന് ദിവസം പിന്നിടുന്നതിന് മുമ്പ് തന്നെ വിതരണ കമ്പനിക്ക് മുൻകൂർ തുകയുടെ ചെക്ക് നൽകി. മെഡിക്കൽ രംഗത്ത് യാതൊരു മുൻ പരിചയവും ഇല്ലാത്ത തിരുവനന്തപുരത്തെ സ്ഥാപനത്തിനാണ് 12 കോടിയിലധികം രൂപയുടെ ഓർഡർ ടെണ്ടർ പോലുമില്ലാതെ കെ.എം.എസ്.സി.എൽ നൽകിയത്. പച്ചക്കറി സംഭരണ വിതരണ രംഗത്ത് മുൻപരിചയമുള്ള ഈ സ്ഥാപനം മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം തുടങ്ങിയത് 2021 ലാണ് എന്നതാണ് മറ്റൊരു വസ്തുത. കൊവിഡ് കാല തട്ടിപ്പിന്‍റെ കൂടുതൽ തെളിവുകൾ പുറത്തു വരുമ്പോൾ പ്രതിക്കൂട്ടിലാകുന്നത് മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയും കെ.എം.എസ്.സി.എല്ലുമാണ്.