ബാറുകള്‍ വഴിയുള്ള മദ്യവില്‍പനയ്ക്ക് പിന്നില്‍ അഴിമതി : രമേശ് ചെന്നിത്തല | Video

Jaihind News Bureau
Monday, May 18, 2020

 

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ വഴി മദ്യം വില്‍ക്കാനുള്ള തീരുമാനത്തിന് പിന്നില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ തിടുക്കപ്പെട്ട് തീരുമാനമെടുത്തതിന്‍റെ പിന്നിലെ രഹസ്യമെന്താണെന്ന് അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ബാറുകള്‍ വഴി മദ്യം വില്‍ക്കാനുള്ള തീരുമാനത്തിലൂടെ സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട 20 ശതമാനം കമ്മീഷന്‍ തുകയാണ് നഷ്ടമാകുന്നത്.  ബാർ നടത്തിപ്പുകാർക്കാണ് ഇനി ഈ തുക  ലഭിക്കാന്‍ പോകുന്നത്. കൊവിഡിന്‍റെ മറവില്‍ തിടുക്കപ്പെട്ട് നടപ്പിലാക്കിയ തീരുമാനത്തിന് പിന്നില്‍ അഴിമതിയുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഇതുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവിൽ കാലാവധി സംബന്ധിച്ച് വ്യക്തതയില്ല.

കൊവിഡിന്‍റെ മറവിൽ നടത്തുന്ന ഇത്തരം അഴിമതികൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ജനങ്ങൾ എല്ലാം കാണുന്നുണ്ട് എന്നത് സർക്കാർ മനസിലാക്കണം. ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന നടപടിയാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.