അര നൂറ്റാണ്ടിലേറെയായി സി.പി.എം ഭരിക്കുന്ന കോഴിക്കോട് ഉള്ളിയേരി പഞ്ചായത്തിൽ പട്ടികജാതി-പട്ടിക വർഗക്കാരുടെ പേരിൽ ലക്ഷങ്ങളുടെ അഴിമതി. പട്ടികജാതി സംവരണ പഞ്ചായത്തിലാണ് പട്ടിക ജാതിക്കാർക്കായുള്ള എ.കെ.ജി വില്ല പദ്ധതിയുടെ പേരിൽ വൻ അഴിമതി നടന്നിരിക്കുന്നത്. 100 വീടുകൾ നൽകേണ്ടിടത്ത് അനുമതി നൽകിയ 9 വീടുകളുടെ നിർമാണം പോലും എങ്ങുമെത്തിയില്ല.
65 വർഷമായി സി.പി.എം ഭരിക്കുന്ന കോഴിക്കോട് ഉള്ളിയേരി പഞ്ചായത്തിൽ ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് പട്ടിക ജാതി-പട്ടിക വർഗക്കാർക്കായുള്ള എ.കെ.ജി വില്ല പദ്ധതിക്കായി ഫണ്ട് അനുവദിച്ചത്. 2009 ൽ 46,62,000 രൂപയ്ക്ക് 3 ഏക്കർ 33 സെന്‍റ് സ്ഥലം വാങ്ങിച്ചു. പദ്ധതിയിൽ തുടക്കം മുതൽ തന്നെ ധൃതി പിടിച്ചുള്ള ഭൂമി കൈമാറ്റവും വില ഉയർത്തിക്കാട്ടിയുള്ള രജിസ്ട്രേഷനുമാണ് നടന്നത്. 30 അപേക്ഷകളിൽ 9 പേർക്ക് മാത്രം 4 സെന്‍റ് വീതം അനുവദിച്ചു. പഞ്ചായത്തിന്‍റെ ഉറപ്പിൻമേൽ കടം വാങ്ങി നിർമിച്ച വീട് പോലും പ്രാരംഭ ഘട്ടത്തിൽ നിൽക്കുന്നു. വെള്ളമോ വെളിച്ചമോ ഇല്ലാതെ ദുരിതം അനുഭവിക്കുകയാണ് കോളനി നിവാസികൾ.
വീട് നിർമാണത്തിന് അർഹതപ്പെട്ട പണത്തിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. സർവേ പോലും നടത്താതെ ആവശ്യക്കാരില്ലെന്ന കാരണം പറഞ്ഞു മാറ്റിയിട്ടത് 2ഏക്കർ 97 സെന്‍റ് ഭൂമി. ഇതിൽ ലഭിക്കുന്ന ആദായം എങ്ങോട്ട് പോകുന്നുവെന്ന് ആർക്കും അറിയില്ല. പദ്ധതിയിൽ ഏറ്റവും ഒടുവിലായി നിർമിക്കേണ്ട ഫെസിലിറ്റി സെന്‍റർ ആദ്യം നിർമിച്ച് പഞ്ചായത്ത് പദ്ധതി അവസാനിപ്പിച്ചു.
എ.കെ.ജി യുടെ പേരിലുള്ള ഈ പദ്ധതിയിൽ ലക്ഷങ്ങളുടെ അഴിമതിയാണ് സി.പി.എം ഭരിക്കുന്ന പഞ്ചായത്തും ജില്ലാ പഞ്ചായത്തും നടത്തിയിരിക്കുന്നത്. അർഹമായ ആനുകൂല്യം പോലും നിഷേധിക്കപ്പെട്ട് ചോർന്നൊലിക്കുന്ന വീടിനുള്ളിൽ ദുരിതങ്ങള്‍ പേറി ഇവരുടെ ജീവിതം ബാക്കി.
https://www.youtube.com/watch?v=5umR47vKoMw