ബ്രഹ്മപുരത്തെ മാലിന്യ പദ്ധതിയിലും അഴിമതി ആരോപണം; നാലു വർഷമായി പദ്ധതി നടപ്പിലാക്കാൻ മുന്നോട്ടുവന്ന കമ്പനിയെ സർക്കാർ ഒഴിവാക്കിയത് അമേരിക്കൻ കമ്പനിക്ക് വേണ്ടിയെന്നും ആരോപണം

Jaihind News Bureau
Sunday, July 26, 2020

മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന ബ്രഹ്മപുരത്തെ പദ്ധതിയിലും പിണറായി സർക്കാർ അഴിമതി നടത്തിയതായി ആരോപണം ഉയരുന്നു. നാലു വർഷമായി പദ്ധതി നടപ്പിലാക്കാൻ മുന്നോട്ടുവന്ന കമ്പനിയെ സർക്കാർ ഒഴിവാക്കിയത് മുഖ്യമന്ത്രിക്ക് പ്രത്യേക താല്പര്യമുള്ള ‘എസൻഷ്യൽ സസ്റ്റൈനബിലിറ്റി സർവീസസ് ‘ എന്ന അമേരിക്കൻ കമ്പനിക്ക് വേണ്ടിയാണെന്ന വിവരമാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രിയും സംഘവും അമേരിക്കയിൽ വെച്ച് ഈ കമ്പനിയുമായുണ്ടാക്കിയ ധാരണ അനുസരിച്ചാണ് നേരത്തെ ഉണ്ടായിരുന്ന കമ്പനിയെ ഒഴിവാക്കി പുതിയ കമ്പനിക്ക് കരാർ നൽകിയത്.

https://www.facebook.com/JaihindNewsChannel/videos/914487499032785/

കൊച്ചി നഗരത്തിലെ മാലിന്യ പ്രശ്ങ്ങൾക്ക് ശാശ്വത പരിഹാരവും, ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിന് ഫലപ്രദമായ മാർഗവുമായിരുന്നു മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതി. അന്തർദേശീയ തലത്തിൽ അംഗീകരിച്ച മികച്ച സാങ്കേതികവിദ്യയായിരുന്നു യുഡിഎഫ് സർക്കാർ ഇതിനായി നിയോഗിച്ച ജി.ജെ.ഇക്കോ പവർ തയ്യാറാക്കിയിരുന്നത്. എന്നാൽ ഈ കമ്പനിയെ അംഗീകരിക്കാൻ പിണറായി സർക്കാർ തുടക്കം മുതലെ തയ്യാറായിരുന്നില്ല. യു.കെ ആസ്‌ഥാനമായ ജി.ജെ. ഇക്കോ പവർ കമ്പനിക്ക് വിവിധ അനുമതികൾക്കായി കാത്തിരിക്കേണ്ടി വന്നത് 4 വർഷങ്ങളാണ്. 180 ദിവസങ്ങൾ കൊണ്ട് ലഭിക്കേണ്ട അനുമതികൾ ചുവപ്പ്നാടയിൽ കുരുങ്ങിയത് വർഷങ്ങളോളം. പദ്ധതി ആരംഭിക്കുന്നതിനായി ഭൂമി നല്കാൻ മാത്രം എടുത്തത് 1004 ദിവസങ്ങളാണ്. ഒടുവിൽ G J യെ ഇടത് സർക്കാർ പദ്ധതിയിൽ നിന്നും ഒഴിവാക്കുകയും മുഖ്യമന്ത്രിക്ക് പ്രത്യേക താല്പര്യമുള്ള ‘എസൻഷ്യൽ സസ്റ്റൈനബിലിറ്റി സർവീസസ് ‘ എന്ന അമേരിക്കൻ കമ്പനിക്ക് കരാർ നൽകുകയും ചെയ്തു.

ബ്രഹ്മപുരത്ത് മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപിപ്പിക്കാൻ പുതിയ കരാറുകാരന് സർക്കാർ ഭൂമി പണയാവകാശത്തോടെ 27 വർഷത്തേക്ക് പാട്ടത്തിന് നൽകാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ജി.ജെ നേച്ചർ കെയർ കൺസോർഷ്യവുമായുള്ള കരാർ റദ്ദാക്കിയതിന് പിന്നാലെയാണു തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്. പാട്ടത്തിന് ലഭിച്ച ഭൂമിയുടെ പണയാവകാശത്തിനു വേണ്ടി ജി ജെ നേച്ചർ കെയർ സർക്കാരിന്‍റെ അനുമതിക്കായി കാത്തിരുന്നത് നാല് വർഷമാണെങ്കിൽ പുതിയ കരാറുകാരന് അത് മുൻകൂറായി നൽകാനാണ് തീരുമാനം. സാമ്പത്തിക രേഖകൾ സമർപ്പിക്കാൻ ജി ജെ നേച്ചർ കൊവിഡ് കാലത്ത് 60 ദിവസം സമയം ചോദിച്ചിട്ടും സർക്കാർ അനുവദിച്ചില്ല. മുൻ കരാർ അനുസരിച്ച് 18 വർഷത്തേക്ക് മാത്രം പാട്ടത്തിന് നൽകിയാൽ മതിയായിരുന്നു. എന്നാൽ പുതിയ ഉത്തരവ് അനുസരിച്ച് 27 വർഷം കഴിഞ്ഞേ പാട്ടഭൂമി തിരികെ ലഭിക്കൂ.

ആദ്യ കരാർ പ്രകാരം വൈദ്യുതി ഉത്‌പാദിപ്പിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. എന്നാൽ പുതിയ ഉത്തരവ് അനുസരിച്ച് കരാർ എടുക്കുന്നവർ വൈദ്യുതി ഉത്‌പാദിപ്പിക്കണമെന്ന് നിർബന്ധമില്ല എന്നിങ്ങനെ പോകുന്നു വ്യവസ്ഥകൾ..

എന്തായാലും മാലിന്യ സംസ്കരണ പ്ലാൻ്റ് പദ്ധതിയിലും പിണറായി സർക്കാർ സ്വാർത്ഥ താൽപര്യം കാണിച്ചു എന്ന് വ്യക്തം.