കൊറോണ വൈറസ് : ഇറ്റലിയിൽ കുടുങ്ങി 85 ഇന്ത്യൻ വിദ്യാർത്ഥികൾ ; നാല് മലയാളി വിദ്യാർത്ഥികളും സംഘത്തില്‍

Jaihind News Bureau
Monday, March 2, 2020

കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട വടക്കൻ ഇറ്റലിയിലെ പാവിയയിൽ 85 ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. പാവിയ യൂണിവേഴ്‌സിറ്റിയിലെ ഒരു അനധ്യാപക ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതാണ് പരിഭ്രാന്തിക്ക് കാരണം. ഇവിടുത്തെ പതിനഞ്ചോളം പേർ കൊറോണ ബാധിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് നിരീക്ഷണത്തിലുമാണ്.

എത്രയും പെട്ടെന്ന് തങ്ങളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് വിദ്യാർത്ഥികൾ അയച്ച അടിയന്തര സന്ദേശത്തിൽ ആവശ്യപ്പെടുന്നു. ഏതാനും വിദ്യാർത്ഥികൾ ഇന്ത്യയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും ഇറ്റലിയിൽ കൊറോണ ബാധ റിപ്പോർട്ട് ചെയ്തതോടെ വിമാനം റദ്ദാക്കുകയായിരുന്നു. 85 ഇന്ത്യൻ വിദ്യാർത്ഥികളാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്.

85 വിദ്യാർത്ഥികളിൽ 25 പേർ തെലങ്കാനയിൽ നിന്നും 20 പേർ കർണാടകയിൽ നിന്നും 15 പേർ തമിഴ്‌നാട്ടിൽ നിന്നും രണ്ട് പേർ ഡൽഹിയിൽ നിന്നുമാണ്. രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് ഓരോ വിദ്യാർത്ഥികൾ വീതവും ഇറ്റലിയിൽ കുടുങ്ങി. നാല് മലയാളി വിദ്യാർത്ഥികളും ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യാ ഗവണ്‍മെന്‍റ് എത്രയും പെട്ടെന്ന് തങ്ങളെ നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്ന് വിദ്യാർത്ഥികള്‍ അഭ്യര്‍ത്ഥിച്ചു.