കൊറോണ വൈറസ് ബാധയില്‍ ചൈനയില്‍ മരണം 80 ആയി ; അമേരിക്കയിലും രോഗം പടരുന്നു ; കേരളത്തില്‍ 288 പേർ നിരീക്ഷണത്തില്‍

Jaihind News Bureau
Monday, January 27, 2020

 

ആശങ്കയുണർത്തി കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി. വൈറസ് ബാധയെ തുടർന്ന് വിവിധ രാജ്യങ്ങളിലായി 2000 ത്തോളം പേരാണ് ചികിത്സയിലുള്ളത്. കൊറോണ ബാധയെ തുടർന്ന് ഇന്ത്യയിലും കർശന ജാഗ്രത പുലർത്തുന്നുണ്ട്. വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. അതേസമയം കേരളത്തില്‍ 288 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ചൈനയില്‍ നിന്ന് മടങ്ങിയെത്തിയവരടക്കമുള്ള 288 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ ഏഴ് പേർ ആശുപത്രിയിലും ബാക്കിയുള്ളവർ വീടുകളിലുമാണ്.

രാജ്യം ഗുരുതര സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ് പറഞ്ഞു. കൊറോണ വൈറസ് ഭീതിയെത്തുടർന്ന് ചൈനയിലെ ഹോങ്ചോയിൽ നടത്താനിരുന്ന ഏഷ്യൻ ഇൻഡോർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് റദ്ദാക്കി. ഫെബ്രുവരി 12, 13 തീയതികളിൽ നടത്താനിരുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പാണ് റദ്ദാക്കിയത്. കൊറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്യുകയും പടർന്ന് പിടിക്കുകയും ചെയ്ത വുഹാൻ നഗരത്തിൽ നിന്ന് ഏതാണ്ട് 600 കിലോമീറ്റർ മാത്രം അകലെയുള്ള ഹോങ്ചോയിൽ ഒരു പരിപാടി നടത്തുന്നത് സുരക്ഷിതമല്ലെന്ന് കണ്ടാണ് ഏഷ്യൻ അത്‌ലറ്റിക് അസോസിയേഷൻ പരിപാടി റദ്ദാക്കിയത്. അതേസമയം സ്ഥിതി ഗുരുതരമാണെന്നും വൈറസ് ശക്തിപ്പെടുന്നതിന്‍റെ സാധ്യതകൾ കണ്ടുവരുന്നതായും ചൈനീസ് ആരോഗ്യ മന്ത്രി മാഷിയോവി പറഞ്ഞു.

ചൈനയില്‍ മരിച്ചവരില്‍ 80 പേരും വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വുഹാന്‍ സ്വദേശികളാണ്. ഷാങ്ഹായില്‍ നിന്നും ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തത്. വുഹാന്‍ ഉള്‍പ്പെടുന്ന ഹുബെ പ്രവിശ്യയില്‍ നിന്നും 323 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 1975 പേരാണ് ചൈനയില്‍ മാത്രം ചികിത്സയിലുള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് അറിയിച്ചു. ചൈനീസ് പുതുവര്‍ഷ ആഘോഷങ്ങളെല്ലാം മാറ്റിവെച്ചിട്ടുണ്ട്. വുഹാന്‍ ഉള്‍പ്പെടുന്ന പ്രധാനപ്പെട്ട പത്തിലധികം നഗരങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ലോകവ്യാപകമായി 2,000 പേര്‍ക്കാണ് ഇതിനോടകം കൊറോണ സ്ഥിരീകരിച്ചത്. സിംഗപ്പൂര്‍, തായ്‌ലൻഡ്‌, ജപ്പാന്‍, ഫ്രാന്‍സ്, അമേരിക്ക, കാനഡ എന്നിവിടങ്ങളാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്ത മറ്റ് രാജ്യങ്ങള്‍. രോഗബാധയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവരെ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. യുഎസിൽ മൂന്ന് പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം അഞ്ചായി. 26 സംസ്ഥാനങ്ങളിലായി നൂറിലേറെപ്പേര്‍ കര്‍ശന നിരീക്ഷണത്തിലുമാണ്. തയ്‌വാനില്‍ നാലാമതൊരാള്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ചൈനയിൽ ഹൂബെയ്ക്കു പുറത്ത് പുതിയ മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.

വന്യമൃഗങ്ങളിൽ നിന്നാണ് വൈറസിന്‍റെ ഉത്ഭവമെന്ന നിരീക്ഷണത്തെ തുടർന്ന്എല്ലാ വന്യമൃഗങ്ങളേയും വിൽപന നടത്തുന്നതിന് ചൈന ഔദ്യോഗികമായി വിലക്കേർപ്പെടുത്തി. 2019 ഡിസംബറിലാണ് ആദ്യരോഗബാധ സ്ഥിരീകരിച്ചത്. 11 മില്യൺ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വുഹാൻ നഗരം പൂർണമായി അടച്ചിരിക്കുകയാണ് സർക്കാർ. ഇവിടെ നിന്ന് ആർക്കും പുറത്തുപോകാനോ നഗരത്തിലേക്ക് വരാനോ ആകില്ല. രോഗം പടർന്ന് പിടിക്കുന്നത് തടയാനാണിത്. വുഹാന് പുറമെ രോഗബാധ സ്ഥിരീകരിച്ച മറ്റ് 12 നഗരങ്ങളും ചൈനീസ് സർക്കാർ അടച്ചിട്ടിട്ടുണ്ട്. കൊറോണ രോഗബാധിതകർക്ക് മാത്രം വേണ്ടി ഒരു ആശുപത്രി പണിയുകയാണ് ചൈനീസ് സർക്കാർ. ദിവസങ്ങൾക്കകം ഇതിന്‍റെ പണി പൂർത്തിയാകുമെന്നും പ്രവർത്തനക്ഷമമാകുമെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.