കൊച്ചി : കോവിഡ്-19 ബാധയുമായി ബന്ധപ്പെട്ട് എറണാകുളം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 17 ആയി. ജില്ലയിൽ 281 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. രോഗം സ്ഥിരീകരിച്ച കുട്ടിയുടെ കൂടെ ദുബായ്- കൊച്ചി വിമാനത്തിൽ സഞ്ചരിച്ച എറണാകുളം ജില്ലക്കാരാണ് ഇവരിൽ 99 പേരും.
കോവിഡ്-19 ബാധയുമായി ബന്ധപ്പെട്ട് 140 പേരെയാണ് എറണാകുളം കളമശേരി മെഡിക്കൽ കോളേജിൽ ഇന്നലെ നിരീക്ഷണത്തിലാക്കിയത്. കൊറോണ സ്ഥിരീകരിച്ച കുട്ടി സഞ്ചരിച്ച വിമാനത്തിൽ എത്തിയ എറണാകുളം സ്വദേശികളാണ് ഇവരിൽ 99 പേരും. 281 പേരാണ് ആകെ മൊത്തം ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളത്. വൈറസ് ബാധയുമായി ബന്ധപ്പെട്ട 17 പേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇന്നലെ മാത്രം 11 പേരെയാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. കോവിഡ് ബാധ സ്ഥിരീകരിച്ച കുട്ടിയുടെ മാതാപിതാക്കളും ഇതിൽ ഉൾപ്പെടും.
രോഗം സ്ഥിരീകരിച്ച കുട്ടി യാത്ര ചെയ്തിരുന്ന EK 530 ദുബായ്-കൊച്ചി വിമാനത്തിൽ സഞ്ചരിച്ച മറ്റ് യാത്രക്കാരും 28 ദിവസം അവരവരുടെ വീടുകളിൽ സ്വയം നിരീക്ഷണത്തിൽ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ കഴിയണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. എന്തെങ്കിലും രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടനെ ജില്ലാ കൺട്രോൾ റൂമിൽ അറിയിക്കണം. ചികിത്സയ്ക്ക് ആയി പോലും ആരോഗ്യ വകുപ്പിന്റെ നിർദേശം ഇല്ലാതെ വീടുകളിൽ നിന്നും പുറത്തുപോകരുതെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല കളക്ടർ എസ് സുഹാസ് അറിയിച്ചു.