ഭീതിവിതച്ച് കൊറോണ വൈറസ് അതിവേഗം പടരുന്നു. അവസാനമായി ഫ്രാൻസിലും വൈറസ് എത്തി. ഫ്രാൻസിൽ രണ്ടു പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി വാർത്ത ഏജൻസിയായ എ എഫ് പി റിപ്പോർട്ട് ചെയ്യുന്നു
ഇതാദ്യമായാണ് യൂറോപ്പിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ചൈനയിലെ വുഹാൻ നഗരത്തിൽ 2019 ഡിസംബറിലാണ് വൈറസ് ബാധ ആദ്യമായി കാണപ്പെട്ടത്. ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് ആകെ 26 പേർ മരിച്ചതായാണ് റിപ്പോർട്ട്. 830 പേർ ചികിത്സയിലാണ്. ബെയ്ജിംഗിൽ മാത്രം 34 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ക്വിൻഹായ്, ഇന്നർമംഗോളിയ, സ്വയംഭരണമേഖലയായ ടിബറ്റ് എന്നിവ ഒഴികെയുള്ള മുഴുവൻ ചൈനീസ് പ്രവിശ്യകളിലേക്കും രോഗം വ്യാപകമായി
പടർന്നിട്ടുണ്ടെന്നാണു റിപ്പോർട്ട്. ചൈനയിലെ വിവിധ നഗരങ്ങൾക്കു പുറമേ തായ്വാൻ, ജപ്പാൻ, സിംഗപൂർ, നേപ്പാൾ ദക്ഷിണ കൊറിയ, തായ്ലൻഡ്, വിയറ്റ്നാം, യുഎസ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കും വൈറസ് പടർന്നിട്ടുണ്ട്. ജപ്പാനിൽ വെള്ളിയാഴ്ച രണ്ടാമത്തെ വ്യക്തിക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിന്റെ പ്രാധന്യം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ലോക രാജ്യങ്ങൾ സ്വീകരിച്ചിരിക്കുന്നത്.