കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം മെഡിക്കൽ വിദ്യാർത്ഥികളെ രംഗത്തിറക്കാൻ ആരോഗ്യ സർവകലാശാല തീരുമാനിച്ചു. മാർച്ച് മാസത്തോടെ രോഗ ഭീതി പൂർണമായും ഒഴിയുമെന്ന് തൃശൂരിലെ സർവകലാശാല ആസ്ഥാനത്ത് ചേർന്ന വിദഗ്ധരുടെ യോഗം വിലയിരുത്തി.
ഒരു ലക്ഷം വിദ്യാർത്ഥികൾക്കൊപ്പം പതിനെണ്ണായിരം അധ്യാപകരും ബോധവത്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. കൊറോണയുടെ പശ്ചാത്തലത്തിൽ ആണെങ്കിലും മറ്റ് പകർച്ച വ്യാധികളും തടയുക ലക്ഷ്യമാണ്. പത്ത് ലക്ഷം വീടുകളിൽ പൊതുജനാരോഗ്യ സന്ദേശങ്ങൾ എത്തിക്കും.
ആരോഗ്യ സർവകലാശാലയിൽ ചേർന്ന വിദഗ്ധരുടെ യോഗം നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. കൊറോണ വൈറസ് പകരാനുള്ള വഴികൾ ഏറെ കുറേ അടച്ചിട്ടുണ്ട്. എങ്കിലും ജാഗ്രത തുടരണം. നിപ്പ പോലെ ഗുരുതരമല്ല കൊറോണ. പക്ഷി- മൃഗാദികൾ ഇതുപോലുള്ള വൈറസ് വാഹകരാകുന്ന സാഹചര്യത്തിൽ വെറ്ററിനറി സർവകലാശാലയുമായി കൈ കോർക്കും. പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ ഊന്നാനും തീരുമാനിച്ചു.
യോഗത്തിൽ ആസൂത്രണ ബോർഡ് അംഗം ഡോ. ബി ഇക്ബാൽ, വി.സി ഡോ.മോഹനൻ കുന്നുമ്മേൽ, ഹാർവാഡ് സർവകലാശാലയിൽ നിന്നുള്ള ഡോ. സുനിൽ ചാക്കോ തുടങ്ങി നിരവധി വിദഗ്ധർ പങ്കെടുത്തു.