കൊറോണ: സംസ്ഥാനത്ത് മാസ്‌കുകൾക്ക് ക്ഷാമവും തീവെട്ടിക്കൊള്ളയും

Jaihind News Bureau
Thursday, March 12, 2020

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്നതിനിടെ,​ സംസ്ഥാനത്ത് മാസ്‌കുകൾക്ക് ക്ഷാമവും തീവെട്ടിക്കൊള്ളയും. മാസ്‌കുകൾക്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കൊള്ള വില ഈടാക്കുന്നതായും ആക്ഷേപമുണ്ട്. ഓൺലൈനിൽ ചില ഇനം മാസ്കുകൾക്ക് 2000 രൂപ വരെ ഈടാക്കുന്നു. 40 രൂപ വിലയുണ്ടായിരുന്ന എൻ 95 മാസ്‌കുകൾക്ക് മെഡിക്കൽ സ്റ്റോറുകളിൽ 80 മുതൽ 200 രൂപ വരെയാണ് വില.

മാസ്‌കുകൾ നിർമ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളിൽ ഭൂരിഭാഗവും ചൈനയിൽ നിന്നാണ് ഇന്ത്യയിൽ എത്തിയിരുന്നത്. ചൈനയിൽ കൊറോണ പടർന്നുപിടിച്ചതോടെ അസംസ‌്‌കൃത വസ്തുക്കളുടെ കയറ്റുമതി കുറഞ്ഞതാണ് വില വർധനവിനിടയാക്കിയത്. നാല് രൂപ വിലയുണ്ടായിരുന്ന 2 ലെയർ മാസ്‌കുകൾക്ക് 10 മുതൽ 20 രൂപ വരെയായി. 10 രൂപയുടെ 3 ലെയർ മാസ്‌കിന് 25 – 35 രൂപയാണ് വില. കഴിഞ്ഞ മാസം ഓൺലൈനിൽ 100 മാസ്ക് 219 രൂപയ്ക്കു ലഭിച്ചെങ്കിൽ ഇപ്പോഴത്തെ വില 999 രൂപയാണ്.

കൊറോണ ബാധിതരുടെ എണ്ണം കൂടിവരുന്നതോടെ മെഡിക്കൽ സ്റ്റോറുകളിൽ നൂറുകണക്കിന് പേരാണ് ദിവസേന മാസ്‌കുകൾ വാങ്ങാനെത്തുന്നത്. എല്ലാവരും തോന്നിയപോലെ വാങ്ങിക്കൂട്ടിയാൽ ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും ആവശ്യത്തിനു മാസ്കുകൾ ലഭിക്കാതെ വരുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൊത്തവിതരണക്കാർ വില ഉയർത്തിയതാണ് റീട്ടെയിൽ വിപണിയിൽ മാസ്കുകൾക്ക് വില ഉയരാൻ ഇടയാക്കിയത്.

അതേസമയം ഡീലർമാർ വ്യാപകമായി പൂഴ്‌ത്തിവച്ച് മാസ്‌കുകൾക്ക് വില വർദ്ധിപ്പിക്കുന്നുവെന്നാണ് ആൾ കേരള കെമിസ്‌റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷൻ ആരോപിക്കുന്നത്. മാസ്‌കുകൾക്കൊപ്പം ഹാൻഡ് സാനിറ്റൈസറുകൾക്കും ക്ഷാമമുണ്ട്. 400 മുതൽ 500 രൂപ വരെയാണ് വിപണിയിലെ വില. ചെറിയ കുപ്പികളിലുള്ള ഹാൻഡ് സാനിറ്റൈസറുകൾക്ക് 80 – 130 രൂപ വരെ വിലയുണ്ട്.