യാത്രക്കാരില്ലാത്തതിനാൽ കേരളത്തിൽ കൂടുതൽ സർവീസുകൾ റദ്ദാക്കി റെയിൽവേ. ജനശതാബ്ദി ഉൾപ്പെടെ 12 ട്രെയിൻ സർവീസുകളാണ് ദക്ഷിണ റെയിൽവേ ഇന്ന് റദ്ദാക്കിയത്. മുൻകൂട്ടി ടിക്കറ്റ് എടുത്തവർക്ക് പണം തിരികെ നൽകുമെന്ന് റെയിൽവേ അറിയിച്ചു.
കേരളത്തിലോടുന്ന 12 ട്രെയിനുകളാണ് ദക്ഷിണ റെയിൽവേ ഇന്ന് റദ്ദാക്കിയത്. യാത്രക്കാരില്ലാത്തതിനാലാണ് നടപടിയെന്ന് റെയിൽവേ വിശദീകരിച്ചു. ഇന്ന് റദ്ദാക്കിയവയിൽ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ജനശതാബ്ദി, മലബാർ, ഇന്റർസിറ്റി എക്സ്പ്രസുകളും ഉൾപ്പെടും. ടിക്കറ്റുകൾ കിട്ടാറില്ലെന്ന് സ്ഥിരമായി പരാതികളുയരാറുള്ള മലബാർ ഭാഗത്തേക്കുള്ള ട്രെയിനുകളാണ് യാത്രക്കാരില്ലാത്തതിന്റെ പേരിൽ റദ്ദാക്കിയിരിക്കുന്നത്. ചെന്നൈ, വേളാങ്കണ്ണി സർവീസുകളും റെയിൽവേ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഈ മാസം 31 വരെയാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കു ന്നത്. റദ്ദാക്കപ്പെട്ട ട്രെയിനുകളിൽ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ പണം തിരികെ നൽകുമെന്ന് റെയിൽവേ അറിയിച്ചു. യാത്രക്കാർ വലിയ തോതിൽ കുറഞ്ഞതോടെ മറ്റു സംസ്ഥാനങ്ങളിലും നിരവധി ട്രെയിൻ സർവീസുകളാണ് ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം ഇനിയും കുറയുകയാണെങ്കിൽ സംസ്ഥാനത്ത് കൂടുതൽ സർവീസുകൾ റദ്ദാക്കിയേക്കും
തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (12082), കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081), മാംഗളൂർ-കോയമ്പത്തൂർ ഇന്‍റർസിറ്റി എക്സ്പ്രസ് (22609), കോയമ്പത്തൂർ- മാംഗളൂർ സെന്‍ട്രല്‍ ഇന്‍റർസിറ്റി എക്സ്പ്രസ് (22610), മാംഗളൂർ സെന്‍ട്രല്‍-തിരുവനന്തപുരം മലബാർ എക്സ്പ്രസ് (16630), തിരുവനന്തപുരം- മാംഗളൂർ ഇന്‍റർസിറ്റി എക്സ്പ്രസ് (16629), ലോക്മാന്യ തിലക് – എറണാകുളം സൗത്ത് ദുരന്തോ എക്സ്പ്രസ് (12223), എറണാകുളം – ലോക്മാന്യ തിലക് സൗത്ത് ദുരന്തോ എക്സ്പ്രസ് (12224), തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസ് (12698), ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ് (12697), ബിജാപൂർ-മംഗളൂരു ജംഗ്ഷന്‍ എക്സ്പ്രസ് (07327), മംഗളൂരു ജംഗ്ഷന്‍ -ബിജാപൂർ എക്സ്പ്രസ് (07328) എന്നീ സർവ്വീസുകളാണ് പൂർണമായും റദ്ദാക്കിയത്. മാർച്ച് അവസാനം വരയുള്ള സർവ്വീസുകളാണ് റദ്ദ് ചെയ്തത്.