പെരിയ ഇരട്ടക്കൊലപാതകം: രണ്ട് വാളുകൾ കൂടി കണ്ടെത്തി

Jaihind Webdesk
Saturday, February 23, 2019

Convicts-Periya-Murder

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‍ലാൽ എന്നിവരെ കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്നു കരുതുന്ന രണ്ട് വാളുകൾ കൂടി അന്വേഷണ സംഘം കണ്ടെടുത്തു.  പ്രതികളെയും കൊണ്ട് നടത്തിയ തെളിവെടുപ്പിലാണ് പുതിയ ആയുധങ്ങള്‍ കണ്ടെത്തിയത്. കൊലപാതകം നടത്തി മടങ്ങുമ്പോൾ ഉപേക്ഷിച്ച വാളുകളാണ് കണ്ടെത്തിയതെന്ന് കരുതുന്നു.  ഒരു വാളിൽ രക്തക്കറയുണ്ട്. ഇതോടൊപ്പം പ്രതികൾ ഒളിവിൽ കഴിഞ്ഞ തെങ്ങിൻതോട്ടത്തിൽ നിന്ന് മൂന്നാം പ്രതി കെ.എം.സുരേഷ് ധരിച്ച ചുവന്ന ഷർട്ടും കണ്ടെടുത്തു.  മറ്റു പ്രതികൾ ധരിച്ചിരുന്ന ചോരപുരണ്ട വസ്ത്രങ്ങൾ കൂട്ടിയിട്ടു കത്തിച്ച നിലയിലാണ്.

കൊലയാളി സംഘത്തിലെ ഒരാൾ കൂടി ഇനിയും പിടിയിലാകാനുണ്ടെന്നാണ് പ്രതികളുടെ മൊഴിയിൽ നിന്നു ലഭിക്കുന്ന വിവരം. കൂടാതെ തെളിവ് നശിപ്പിച്ചവരും പ്രതികളെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും മറ്റും സഹായിച്ചവര്‍ ഉൾപ്പെടെ ഏതാനും പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു.

കൊലപാതകത്തിനു ശേഷം സംഘം  ആൾതാമസമില്ലാത്ത വീട്ടിലെത്തി കുളിച്ചുവെന്നും അതിന്‍റെ പരിസരത്ത് തന്നെ ഒളിവിൽ താമസിച്ചുവെന്നും കസ്റ്റഡിയില്‍ ഉള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചന.