സി.പി.എം കുടുംബസംഗമത്തിനായി സ്കൂളിന് അവധി നല്‍കി; സംഭവം മുഖ്യമന്ത്രിയുടെ നിയോജകമണ്ഡലത്തില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിയോജക മണ്ഡലത്തിൽ സി.പി.എം കുടുംബ സംഗമത്തിനായി വിദ്യാലയത്തിന് അവധി നൽകിയത് വിവാദമാകുന്നു. ധർമ്മടം നിയോജക മണ്ഡലത്തിലെ എരുവട്ടി കോഴൂർ യു.പി സ്കൂളിനാണ് സി.പി.എം കുടുംബ സംഗമം നടത്തുന്നതിനായി അവധി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.

ലോകസഭാ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങളുടെ ഭാഗമായി ധർമ്മടം നിയോജക മണ്ഡലത്തിലെ സി.പി.എം എരുവട്ടി വെസ്റ്റ് ലോക്കൽ കമ്മിറ്റിയാണ്  കോഴൂർ യു.പി സ്കൂളിൽ കുടുംബ സംഗമം സംഘടിപ്പിച്ചത്. ഉച്ചയ്ക്ക് ശേഷമാണ് ഈ വിദ്യാലയത്തിൽ കുടുംബ സംഗമം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബ സംഗമത്തിൽ നേരിട്ട് പങ്കെടുക്കുകയും ചെയ്തു. കുടുംബ സംഗമത്തിനായി രാവിലെ തന്നെ വിദ്യാലയം പാർട്ടി കൊടിയും തോരണവും കൊണ്ട് അലങ്കരിച്ചിരുന്നു.  ഉച്ചയ്ക്ക് ശേഷം കുടുംബ സംഗമത്തിനായി വിദ്യാർഥികൾക്ക് അവധിയും നൽകി. പാർട്ടി ഗ്രാമമായ കാപ്പുമലിൽ സി.പി.എം പ്രവർത്തകരുടെ സമർദത്തിന് വഴങ്ങി പ്രധാന അധ്യാപികയുടെ ചുമതലയുള്ള അധ്യാപിക സ്കൂളിന് അവധി നൽകുകയായിരുന്നു.

https://www.youtube.com/watch?v=jZlDxBt4MZk

പ്രളയത്തെയും, ഹർത്താലുകളെയും തുടർന്ന് നിരവധി പ്രവൃത്തി ദിനങ്ങൾ നഷ്ടമായ സാഹചര്യത്തിൽ പ്രവൃത്തി ദിനം പരമാവധി വർധിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് സി.പി.എം കുടുംബസംഗമത്തിന് വേണ്ടി സ്കൂളിന് അവധി നൽകിയത്. ഇതിനെതിരെ ചില വിദ്യാർഥികളുടെ രക്ഷിതാക്കൾ എ.ഇ.ഒയോട് ഫോണിൽ പരാതി അറിയിച്ചു. എന്നാൽ എ.ഇ.ഒ വ്യക്തമായ മറുപടി നൽകാൻ തയാറായില്ല. വിദ്യാലയം പാർട്ടി പരിപാടിക്ക് വിട്ടുകൊടുത്ത് സ്കൂളിന് അവധി നൽകിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

cpm kudumbasangamamkozhoor up school
Comments (0)
Add Comment