വിമാനത്താവള ലേലത്തില്‍ പിണറായി സർക്കാരിന്‍റെ ഒത്തുകളി : നടപടികള്‍ക്കായി ഏർപ്പെടുത്തിയത് അദാനിയുടെ ബന്ധുവിനെ ; വിവാദം

 

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനായി നടത്തിയ ലേലത്തിനായി സംസ്ഥാന സർക്കാർ നടത്തിയ നടപടിക്രമങ്ങളില്‍ അടിമുടി അസാധാരണത്വം. അദാനിയെ എതിർക്കുമ്പോള്‍ തന്നെ സംസ്ഥാനം ടെണ്ടർ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാനായി  ഏർപ്പെടുത്തിയത് അദാനിക്ക് ബന്ധമുള്ള സിറില്‍ അമർചന്ദ് മംഗള്‍ദാസ് എന്ന കമ്പനിയെ. ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനിയുടെ ഭാര്യ ഈ കമ്പനിയുടെ പാർട്ണറാണ്. വിവാരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിലാണ് ഇത് വ്യക്തമാകുന്നത്.

കേരള സർക്കാരിന് നഷ്ടമായ ലേലത്തില്‍ പങ്കെടുക്കുന്നതിനായി സംസ്ഥാനം ഏർപ്പാടാക്കിയത് രണ്ട് കമ്പനികളെയാണ്. ഒന്ന് സർക്കാരിന്‍റെ ഇഷ്ടക്കാരായ കെ.പി.എം.ജി തന്നെയാണ്. മുംബൈ ആസ്ഥാനമായ സിറിൽ അമർചന്ദ് മംഗള്‍ദാസ് ഗ്രൂപ്പാണ് രണ്ടാമത്തേത്. ആകെ ചെലവായ 2.36 കോടി രൂപയില്‍ 2.15 കോടിയും കണ്‍സള്‍ട്ടന്‍സി ഫീസിനത്തില്‍ ഈ കമ്പനികള്‍ക്കാണ് നല്‍കിയിരിക്കുന്നത്. രണ്ട് കോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപയാണ് ടെണ്ടർ നടപടികള്‍ക്കായി ആകെ ചെലവായിരിക്കുന്നത്. 1 കോടി 57 ലക്ഷത്തി പതിനെണ്ണായിരത്തി തൊണ്ണൂറ്റിനാല് രൂപയാണ് കെ.പി.എം.ജിക്ക് ഫീസിനത്തില്‍ ലഭിച്ചിരിക്കുന്നത്. അദാനിക്ക് ബന്ധമുള്ള സിറില്‍ അമർചന്ദ് മംഗള്‍ദാസ് കമ്പനിക്ക് 55 ലക്ഷത്തിലേറെ രൂപയും ലഭിച്ചിട്ടുണ്ട്. ലേലനടപടികളില്‍ ഔദ്യോഗിക സഹകരണത്തിനുള്ള പ്രതിഫലമായാണ് ഈ തുക നല്‍കിയിരിക്കുന്നത്.

സിറില്‍ അമർചന്ദ് മംഗള്‍ദാസ്  ഗ്രൂപ്പിന്‍റെ മാനേജിംഗ് പാര്‍ട്ണര്‍ സിറിള്‍ ഷ്രോഫിന്‍റെ മകളും ഗ്രൂപ്പ് പാര്‍ട്ണറുമായ പരീധി അദാനി ഗൗതം അദാനിയുടെ മകന്‍റെ ഭാര്യയാണ്. ലേലം കൊണ്ടുപോയ അദാനി ഗ്രൂപ്പുമായി ഇത്രയും അടുത്ത ബന്ധമുള്ള പ്രസ്തുത കമ്പനിയെ തന്നെ സംസ്ഥാന സർക്കാർ ലേലനടപടികള്‍ ഏല്‍പ്പിച്ചതാണ് ഇപ്പോള്‍‍ ദുരൂഹമായിരിക്കുന്നത്. ഒരേ സമയം വിമാനത്താവള സ്വകാര്യവത്ക്കരണത്തെ എതിർക്കുകയും ഒപ്പം തന്നെ അദാനിയുടെ മരുമകളുടെ സ്ഥാപനത്തെ ലേലനടപടികള്‍ ഏല്‍പ്പിക്കുകയും ചെയ്തതിലെ ‘യുക്തി’ ആണ് ഇപ്പോള്‍ സംശയത്തിന്‍റെ നിഴലിലുള്ളത്. ജനങ്ങളെ കബളിപ്പിക്കുന്ന ഇരട്ട നിലപാടാണ് സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഈ ഒത്തുകളി എന്തിനായിരുന്നു എന്ന ചോദ്യത്തിന് സർക്കാർ മറുപടി പറയേണ്ടിവരും.

 

 

https://www.facebook.com/JaihindNewsChannel/videos/642686946686527

Comments (0)
Add Comment