സി.ഒ.ടി.നസീര്‍ വധശ്രമം : കേസന്വേഷണം പുരോഗമിക്കേ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം; നടപടി വിവാദമാകുന്നു

സിപിഎം മുൻ നേതാവ് സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കെ സ്ഥലംമാറ്റിയ നടപടി വിവാദമാകുന്നു. കേസിന്‍റെ ഗൂഢാലോചനയിൽ പാർട്ടി എംഎൽഎയ്ക്ക് പങ്കുണ്ടെന്ന പരിക്കേറ്റ നസീറിന്‍റെ ആരോപണത്തിന് മറയിടാനും എംഎൽഎയെ കേസിൽ നിന്നു രക്ഷപ്പെടുത്താനുമുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ഉദ്യോഗസ്ഥരെ മാറ്റിയതെന്നാണ് ആരോപണം.

അന്വേഷണ ഉദ്യോഗസ്ഥരായ സിഐ വി.കെ. വിശ്വംഭരൻ, എസ്ഐ ഹരീഷ് എന്നിവരെയാണ് കഴിഞ്ഞ ദിവസം മാറ്റിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്‍റെ ഭാഗമായാണ് ഇരുവരും സ്ഥലം മാറി തലശ്ശേരിയിൽ എത്തിയതെങ്കിലും നസീർ വധശ്രമക്കേസ് അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ അതിനെ ബാധിക്കും വിധമാണ് സ്ഥലം മാറ്റമെന്നാണ് വിമർശനം. സിപിഎമ്മുകാർ പ്രതികളായ കേസ് അട്ടിമറിക്കാൻ ആദ്യം തൊട്ടേ നടത്തുന്ന നീക്കങ്ങളുടെ തുടർച്ചയാണ് നടപടിയെന്നാണ് സൂചന.

അതേസമയം, നസീർ വധശ്രമക്കേസിൽ കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങിയ രണ്ട് സിപിഎമ്മുകാരെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് അന്വേഷണ സംഘം കോടതിയിൽ ഹർജി നൽകും. അതേസമയം, നസീറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പാർട്ടി ജില്ലാ കമ്മിറ്റി കമ്മിഷനെ നിയോഗിച്ച് കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പ് പ്രഹസനമെന്നും ആരോപണം ഉയർന്നു.

നസീറിനു നേരെയുള്ള ആക്രമണത്തിൽ പാർട്ടി എംഎൽഎയ്ക്കടക്കം ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതോടെ മുഖം രക്ഷിക്കാനുള്ള പാർട്ടി നേതൃത്വത്തിന്‍റെ നാടകമാണ് തെളിവെടുപ്പെന്നാണ് ആരോപണം. ആദ്യം തൊട്ട് പാർട്ടിക്ക് പങ്കില്ലെന്ന് വരുത്താൻ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും സൂചന. മെയ് 18ന് രാത്രിയാണ് നസീർ ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ മൂന്നു പേർ നേരത്തെ അറസ്റ്റിലായിരുന്നു. സിപിഎം നേതാവും തലശ്ശേരി എംഎൽഎയുമായ എ.എൻ. ഷംസീറാണ് അക്രമത്തിന് പിന്നിലെന്ന് നസീർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഗൂഢാലോചന അന്വേഷിക്കണമെന്നാണ് നസീറിന്‍റെ ആവശ്യം.

COT Naseer
Comments (0)
Add Comment