പ്രധാനമന്ത്രി കത്തെഴുതുകയാണ്… ചെലവ് 450 കോടി !

Jaihind Webdesk
Friday, January 25, 2019

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന അവസരത്തില്‍ 450 കോടിയോളം ചെലവില്‍ രാജ്യത്തെ 10 കോടി ആളുകള്‍ക്ക് പ്രധാനമന്ത്രിയുടെ വ്യക്തിപരമായ കത്ത്.  കേന്ദ്രസര്‍ക്കാരിന്‍റെ ജന്‍ ആരോഗ്യ യോജന പദ്ധതിയുടെയും മറ്റ് പദ്ധതികളുടെയും നേട്ടങ്ങള്‍ വിശദീകരിച്ചുള്ളതാണ് രണ്ട് പേജുകളുള്ള കത്ത്. ഇതുവരെ 7.5 കോടി കത്തുകള്‍ പ്രിന്‍റ് ചെയ്തതായാണ് വിവരം. ഇത്രയും കത്തുകളുടെ പ്രിന്‍റിംഗിന് മാത്രം 15.75 കോടി രൂപ വരും എന്നാണ് കണക്കാക്കുന്നത്.  കത്തുകളെല്ലാം സ്പീഡ് പോസ്റ്റിലാണ് അയയ്ക്കുന്നത്. ഒരു കത്തിന് 40 രൂപയാണ് ചെലവ് വരുന്നത്. പോസ്റ്റല്‍ ചാര്‍ജും പ്രിന്‍റിംഗ് ചാര്‍ജും ഉള്‍പ്പെടെ ഏകദേശം 450 കോടി രൂപയോളം ഇതിന് ചെലവാകും. കേന്ദ്ര സര്‍ക്കാരിന്‍റെ ആരോഗ്യ പദ്ധതിക്കുള്ള ബജറ്റ് വിഹിതം 2,000 കോടി മാത്രമാണ് എന്നതാണ് ഇവിടെ ശ്രദ്ധേയം.

പ്രധാനമന്ത്രിയുടെ രണ്ട് ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള ലെറ്ററില്‍ മോദി സര്‍ക്കാരിന്‍റെ പല പദ്ധതികളുടെ നേട്ടങ്ങളേയും കുറിച്ച് വിശദീകരിക്കുന്നു. ഇതില്‍ ഇന്‍ഷുറന്‍സ് സ്കീമായ  ജന്‍ ആരോഗ്യ യോജന കൂടാതെ പ്രധാനമന്ത്രി ആവാസ് യോജന, ഉജ്വല യോജന, സൗഭാഗ്യ സ്‌കീം, ജീവന്‍ ജ്യോതി ഭീമാ യോജന തുടങ്ങിയവയെക്കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നു.

മോദി സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന പദ്ധതികള്‍ക്കായുള്ള വിഹിതത്തിന്‍റെ ഭൂരിഭാഗവും ചെലവഴിക്കുന്നത് പരസ്യം ചെയ്യുന്നതിനാണെന്നുള്ള ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് എഴുത്ത് പരസ്യത്തിനായി കോടികള്‍ ചെലവഴിക്കുന്നത്. പെണ്‍കുട്ടികളുടെ ഉന്നമനത്തിനായെന്ന പേരില്‍ കൊണ്ടുവന്ന ‘ബേട്ടി ബചാവോ ബേഠി പഠാവോ’ എന്ന പദ്ധതിയുടെ വിഹിതത്തിന്‍റെ 60 ശതമാനത്തോളം തുക ചെലവഴിച്ചത് പരസ്യത്തിനായിരുന്നു എന്ന് എം.പിമാരുടെ ചോദ്യത്തിന് മറുപടിയായി പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. ജനുവരി 4ന് വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീരേന്ദ്രകുമാര്‍ ലോക്സഭയില്‍ സമര്‍പ്പിച്ച രേഖയിലാണ് ഈ കണക്കുകള്‍. ഇപ്പോള്‍ 2000 കോടിയുടെ പദ്ധതി ജനങ്ങളെ അറിയിക്കാന്‍ 450 കോടി രൂപ കത്തിനായി ചെലവാക്കുന്നതും വിവാദമായിരിക്കുകയാണ്.