കണ്ണൂർ മണ്ഡലത്തിൽ പി.കെ ശ്രീമതിക്കുവേണ്ടി സ്ഥാപിച്ച പ്രചാരണ ബോർഡുകൾ ഫ്ളക്സ് ബോർഡുകളാണോയെന്ന് പരിശോധിക്കുമെന്ന് ജില്ലാ ഭരണകൂടം. ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചത് ഡി.സി.സി പ്രസിഡന്‍റ്സതീശൻ പാച്ചേനി ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ബോർഡുകൾ പരിശോധിക്കാൻ ജില്ലാ കളക്ടർ തീരുമാനിച്ചത്.
കലക്ടർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് ഫ്ളക്സ് വിവാദം ഉയർന്നത്. സ്ഥാനാർഥിയെ പ്രഖ്യാപിക്കും മുമ്പുതന്നെ പി.കെ ശ്രീമതിയുടെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങൾ പതിച്ച ബോർഡുകൾ മണ്ഡലത്തിൽ നിറഞ്ഞിരുന്നു. ആരാണ് സ്ഥാപിച്ചതെന്ന് വ്യക്തമാക്കാതെയായിരുന്നു ലക്ഷകണക്കിന് രൂപയുടെ ഫ്ളക്സ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉയർന്നത്. പി.കെ ശ്രീമതി നടപ്പിലാക്കാത്ത പദ്ധതികൾ ഫ്ളക്സിൽ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. നിരോധനം നിലനിൽക്കെ ഫ്ളക്സ് സ്ഥാപിച്ചത് ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി സർവകക്ഷി യോഗത്തിൽ ഉന്നയിക്കുകയായിരുന്നു.
ഫ്ളക്സ് ബോർഡല്ല സ്ഥാപിച്ചതെന്ന വാദമാണ് സർവകക്ഷി യോഗത്തിൽ സി.പി.എം ഉയർത്തിയത്. ആരാണ് ബോർഡുകൾ സ്ഥാപിച്ചതെന്ന് വ്യക്തമാക്കാത്തതിനാൽ പെരുമാറ്റച്ചട്ടപ്രകാരം നടപടിയുണ്ടാകുമെന്നും കളക്ടർ പറഞ്ഞു.