സിപിഎമ്മിന്‍റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വൃത്തിയാക്കാനും തൊഴിലുറപ്പ് തൊഴിലാളികള്‍: ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; പരാതി നല്‍കുമെന്ന് നേതാക്കള്‍

 

കുമ്മിള്‍ (കൊല്ലം): തൊഴിലുറപ്പ് ജോലികള്‍ നിര്‍ത്തിവെപ്പിച്ച് തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് സിപിഎമ്മിന്‍റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വൃത്തിയാക്കിപ്പിക്കാനുള്ള ശ്രമം വിവാദത്തില്‍. സിപിഎം ഭരണത്തിലുള്ള കുമ്മിള്‍ പഞ്ചായത്തിലെ മുല്ലക്കര വാര്‍ഡിലെ കുന്നിക്കടയിലാണ് സംഭവം.

ശനിയാഴ്ച വൈകുന്നേരം 4 മണിയോടെ പ്രദേശിക സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെ കുന്നിക്കട ജംഗ്ഷന് സമീപത്തുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വൃത്തിയാക്കാനായി കൊണ്ടുവരികയായിരുന്നു. ഇതിനിടെ വോട്ട് അഭ്യര്‍ത്ഥിക്കാനായി കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്തെത്തി. പാര്‍ട്ടി ഓഫീസ് വൃത്തിയാക്കിക്കാനുള്ള നീക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മനസിലാക്കിയെന്ന് ബോധ്യപ്പെട്ടതോടെ തൊഴിലാളികളെ ഫോട്ടോ എടുപ്പിക്കാനെന്ന വ്യാജേന സമീപത്തുള്ള അങ്കണവാടി പരിസരത്തേക്ക് മാറ്റി. ഇതോടെ കോണ്‍ഗ്രസ് നേതാക്കളും അങ്കണവാടി പരിസരത്തേക്ക് നീങ്ങി. കോണ്‍ഗ്രസ് നേതാക്കള്‍ തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ടഭ്യര്‍ത്ഥിക്കാന്‍ ആരംഭിച്ചതോടെ സിപിഎം നേതാക്കള്‍ ആക്രോശവുമായി രംഗത്തെത്തി. അവിടെവെച്ച് തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് വോട്ടഭ്യര്‍ത്ഥന തടസപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ ശ്രമിച്ചതോടെ ജനാധിപത്യപരമായി വോട്ടഭ്യര്‍ത്ഥിച്ചിട്ടേ പോകൂവെന്ന് കോണ്‍ഗ്രസ് നേതാക്കളും നിലപാടെടുത്തു. ഇതോടെ ഏറെനേരം സ്ഥലത്ത് സംഘര്‍ഷാന്തരീക്ഷം നിലനിന്നു.

ഇതിനിടെ കൂട്ടത്തിലുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളില്‍ ചിലര്‍ സിപിഎം ഓഫീസിലെ ജോലി ചെയ്യിപ്പിക്കാനാണ് തങ്ങളെ കൊണ്ടുനിര്‍ത്തിയതെന്ന് സ്ഥിരീകരിച്ചു. അഞ്ചു മണി വരെ സ്ഥലത്ത് തുടരാന്‍ ഇവര്‍ കോണ്‍ഗ്രസ് നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് അഞ്ചു മണി വരെ സ്ഥലത്ത് നിലയുറപ്പിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ വീടുകളിലേക്ക് മടങ്ങിയെന്ന് ഉറപ്പ് വരുത്തിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചുപോയത്.

കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങളായ ബി.എച്ച്. നിഫാല്‍, കുമ്മിള്‍ ഷെമീര്‍, മണ്ഡലം പ്രസിഡന്‍റ് ആര്‍. ഷാജുകുമാര്‍, ബൂത്ത് പ്രസിഡന്‍റ് രുപ്മിണി അമ്മ എന്നിവരാണ് കോണ്‍ഗ്രസ് സംഘത്തിലുണ്ടായിരുന്നത്. തൊഴിലുറപ്പ് നിർത്തിവെച്ച് തൊഴിലുറപ്പ് തൊഴിലാളികളെ പാർട്ടി ഓഫീസ് വൃത്തിയാക്കാൻ കൊണ്ടുപോയതിനെതിരെ ജില്ലാ പ്രോഗ്രാം ഓഫീസർക്കും കേന്ദ്ര സർക്കാരിനും പരാതി നൽകുമെന്ന് കോൺഗ്രസ്‌ നേതാക്കൾ അറിയിച്ചു.

Comments (0)
Add Comment