വിവാദങ്ങളൊഴിയാതെ സാക്ഷരതാ മിഷന്‍; അക്ഷരശ്രീ പദ്ധതിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം

Jaihind Webdesk
Thursday, July 22, 2021

തിരുവനന്തപുരം : വിവാദങ്ങളൊഴിയാതെ സാക്ഷരതാ മിഷൻ. സാക്ഷരത മിഷന്‍റെ ‘അക്ഷര ശ്രീ’ പദ്ധതിയിൽ വ്യാജ സർട്ടിഫിക്കറ്റ് വിതരണമെന്ന് പരാതി. സർട്ടിഫിക്കറ്റിൽ പഠിതാവിന്‍റെ ഫോട്ടോയോ മേൽവിലാസമോ മറ്റ് വിശദാംശങ്ങളോ ഇല്ല. സാക്ഷരതാ മിഷന്‍റെ സീൽ വച്ച സർട്ടിഫിക്കറ്റിൻ്റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന്.

സാക്ഷരതാ മിഷനും തിരുവനന്തപുരം നഗരസഭയും ചേർന്ന് നടപ്പിലാക്കുന്ന അക്ഷര ശ്രീ പദ്ധതിയിലാണ് ഗുരുതര ക്രമക്കേടുകൾ ഉള്ളതായി ആക്ഷേപം ഉയർന്നിരിക്കുന്നത്. ഹയർ സെക്കന്‍ററി തലം വരെ സൗജന്യമായി വിദ്യാഭ്യാസം ഒരുക്കുന്നു എന്ന പ്രഖ്യാപനത്തോടെയായിരുന്നു 2017 സെപ്റ്റംബർ മാസത്തിൽ 4.15 കോടി രൂപ ചെലവിൽ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയനുസരിച്ച് അഡ്മിഷൻ എടുക്കുമ്പോൾ തന്നെ രജിസ്ട്രേഷൻ ഫോമിൽ പഠിതാവിൻ്റെ വിവരങ്ങൾ ശേഖരിക്കുകയും അത് സൂക്ഷിക്കുകയും വേണം. എന്നാൽ സാക്ഷരതാമിഷൻ അക്ഷരശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നൽകിയ സർട്ടിഫിക്കറ്റില്‍ ഇതൊന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല.

സർട്ടിഫിക്കറ്റിൽ പഠിതാവിന്‍റെ ഫോട്ടോയോ മേൽവിലാസമോ മറ്റ് വിശദാംശങ്ങളോ ഇല്ല. മതിയായ രേഖകൾ ഇല്ലെന്ന് സാക്ഷരതാ മിഷൻ തന്നെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇതിനുപുറമേ സർട്ടിഫിക്കറ്റ് സാക്ഷരതാമിഷന്‍റെ സീലും. മതിയായ രേഖകളില്ലാതെ സര്‍ട്ടിഫിക്കറ്റില്‍ എങ്ങനെ സാക്ഷരതാമിഷന്‍ സീല്‍ പതിച്ചു എന്നതാണ് ഉയരുന്ന ചോദ്യം. പദ്ധതിയിൽ ക്രമക്കേട് ഉണ്ടെന്ന് സാക്ഷരതാ മിഷനിലെ ഉദ്യോഗസ്ഥർ തന്നെ ജയ്ഹിന്ദ് ന്യൂസിനോട് വെളിപ്പെടുത്തി.

സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആക്ഷേപവും ശക്തമാണ്. സാക്ഷരകേരളം എന്ന് മേനി പറയുന്ന നമ്മുടെ സംസ്ഥാനത്തിന്‍റെ തലസ്ഥാനത്താണ് ഈ തട്ടിപ്പ് നടക്കുന്നത്. ഗംഭീര പ്രഖ്യാപനങ്ങൾ നടത്തിയ അക്ഷര ശ്രീ പദ്ധതിയിലൂടെ വ്യാജ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത് ആർക്കുവേണ്ടി എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് സാക്ഷരതാമിഷനും തിരുവനന്തപുരം നഗരസഭയുമാണ്.