കണ്ണൂർ വിമാനത്താവളത്തിലെത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ സ്വീകരിക്കാൻ ബി.ജെ.പി നേതാക്കളെ അനുവദിക്കാതിരുന്നത് വിവാദത്തിൽ. വിമാനത്താവളത്തിലെ ചില ഉദ്യോഗസ്ഥർ
സി.പി.എമ്മിന് വിടുപണി ചെയ്യുന്നതായി ബി.ജെ.പി ദേശീയ സമിതിയംഗം സി.കെ പത്മനാഭൻ. ഇതിനിടെ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് ശേഷം കണ്ണൂരിൽ വിമാനമിറങ്ങിയ രണ്ടാമത്തെ യാത്രക്കാരിയായി മന്ത്രി കെ.കെ ശൈലജ വിമാനത്താവളത്തിൽ വന്നിറങ്ങി.
കണ്ണൂരിലെ ദേശീയപാത പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങിനായി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പുതന്നെ നാടകീയ രംഗങ്ങൾക്കാണ് കണ്ണൂർ വിമാനത്താവളം സാക്ഷ്യം വഹിച്ചത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ സ്വീകരിക്കാൻ ബി.ജെ.പി നേതാക്കൾ ഒരു വശത്തും, മുഖ്യമന്ത്രിയെ സ്വീകരിക്കാൻ മട്ടന്നൂരിലെ സി.പി.എം നേതാക്കളും നഗരസഭ ചെയർപേഴ്സൺ ഉൾപ്പെടെയുള്ളവർ മറുവശത്തും നിലയുറപ്പിക്കുകയായിരുന്നു. സുരക്ഷ ഒരുക്കാൻ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും പൊലീസും അകമ്പടി വാഹനങ്ങളും എത്തിയതോടെ രംഗം ചൂടുപിടിച്ചു. ഇതിനിടയിലാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ രംഗപ്രവേശം. മുഖ്യമന്ത്രിക്കൊപ്പം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിയ ആരോഗ്യ മന്ത്രി, മുഖ്യമന്ത്രിക്ക് തിരിച്ചുപോകാനായി കണ്ണൂരിലേക്ക് വന്ന വിമാനത്തിൽ മട്ടന്നൂർ വിമാനത്താവളത്തിൽ വന്നിറങ്ങുകയായിരുന്നു.
കൊച്ചിയിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ഒരുമിച്ചാണ് കണ്ണൂരിൽ പറന്നിറങ്ങിയത്. ഇരുവരും ടെർമിനൽ ഒഴിവാക്കി ഫയർ ഗേറ്റ് വഴി പുറത്തുവന്നു. സി.പി.എം പ്രവർത്തകർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. എന്നാൽ മുൻകൂട്ടി അനുമതി വാങ്ങിയെത്തിയ ബി.ജെ.പി നേതാക്കളെ വിമാനത്താവളത്തിനുള്ളിൽ പ്രവേശിപ്പിക്കാത്തത് പ്രതിഷേധത്തിന് കാരണമായി. ബി.ജെ.പി നേതാക്കൾ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് നിതിൻ ഗഡ്കരി ടെർമിനൽ ഭാഗത്തേക്ക് മടങ്ങിവന്നു. തുടര്‍ന്ന് ബി.ജെ.പി നേതാക്കളുടെ സ്വീകരണം ഏറ്റുവാങ്ങിയാണ് ഉദ്ഘാടനച്ചടങ്ങിന് പോയത്.
വിമാനത്താവളത്തിലെ ചില ഉദ്യോഗസ്ഥർ സി.പി.എമ്മിന് വിടുപണി ചെയ്യുന്നതായി ബി.ജെ.പി നേതാവ് സി.കെ പത്മനാഭൻ പറഞ്ഞു. ആരുടെ ഒക്കെയോ കൈയടി വാങ്ങാനുള്ള ശ്രമമാണ് എയർപോർട്ടിലെ ചില ഉദ്യോഗസ്ഥരുടെ പ്രവർത്തനമെന്ന് സി.കെ പത്മനാഭൻ കുറ്റപ്പെടുത്തി.
ഇതിനിടയിൽ മന്ത്രി എം.എം.മണി യും വിമാനത്താവളം സന്ദർശിക്കാൻ കാറിലെത്തി. ഡിസംബർ 9 നാണ് കണ്ണൂർ വിമാനത്താവളത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ഇതിനിടയിൽ കണ്ണൂർ വിമാനത്താവളത്തിന്‍റെ പേരിൽ സി.പി.എം – ബി.ജെ.പി നേതാക്കൾ മത്സരം ആരംഭിച്ചുകഴിഞ്ഞു.