പ്രതിഭയുടെ ‘ഹാക്കിംഗ് സിദ്ധാന്തം’ പാർട്ടിക്കുപോലും വിശ്വാസമില്ല ; പഴയ പോസ്റ്റുകള്‍ വീണ്ടും ചർച്ചയാകുന്നു

Jaihind Webdesk
Thursday, April 22, 2021

 

കായംകുളം എംഎല്‍എ പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നു. വിവാദമായ പോസ്റ്റ് താനിട്ടതല്ലെന്നും അക്കൌണ്ട് ഹാക്ക് ചെയ്തതാണെന്നുമാണ് പ്രതിഭയുടെ അവകാശം. എന്നാല്‍ സ്വന്തം പാർട്ടിക്കാർ പോലും ഇത് വിശ്വാസത്തിലെടുക്കുന്നില്ല. ആവശ്യമില്ലാത്ത പോസ്റ്റ് ഇടരുതെന്ന് പാർട്ടിയിൽ പൊതുനിർദേശമുണ്ടെന്നും എംഎൽഎയുടെ കുറിപ്പ് എന്ത് ഉദ്ദേശ്യത്തിലാണെന്ന് അറിയില്ലെന്നുമുള്ള ജില്ലാ സെക്രട്ടറി ആർ നാസറിന്‍റെ പ്രതികരണം ഇത് വ്യക്തമാക്കുന്നു. മന്ത്രി ജി സുധാകരനുമായി കൊമ്പുകോർത്ത പ്രതിഭയുടെ പഴയകാല ഫേസ്ബുക്ക് പോസ്റ്റുകള്‍ വീണ്ടും ചർച്ചയാവുകയാണിപ്പോള്‍.

പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കുമെന്ന് എം.എല്‍.എയുടെ പേജില്‍ പ്രത്യക്ഷപ്പെട്ടതാണ് നിലവിലെ വിവാദങ്ങള്‍ക്ക് വഴിതുറന്നത്. പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ട കമന്‍റുകള്‍ ഇത് പെട്ടെന്നുതന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. പരാമർശത്തിലൂടെ പ്രതിഭ ഉന്നമിട്ടത് മന്ത്രി ജി സുധാകരനെയാണോ ബന്ധുനിയമന വിവാദത്തെ തുടർന്ന് രാജി വെച്ച ജലീലിനെയാണോ എന്ന തരത്തില്‍ ചർച്ചകള്‍ പെട്ടെന്ന് കത്തിക്കയറി. സ്ത്രീവിരുദ്ധ പരാമർശത്തില്‍ പുലിവാല്‍ പിടിച്ച മന്ത്രി ജി സുധാകരനും സർക്കാരിന് ഏറ്റവും ഒടുവില്‍ തിരിച്ചടിയായ ജലീല്‍ വിഷയവും വീണ്ടും സജീവമായത് പാർട്ടി നേതൃത്വത്തെയും ചൊടിപ്പിച്ചു. ഇതോടെ നേതൃത്വത്തിന്‍റെ ഇടപെടലുമുണ്ടായി. പിന്നാലെയാണ് പ്രതിഭയുടെ ഹാക്കിംഗ് വിശദീകരണം എത്തിയത്. തന്‍റെ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും പോസ്റ്റിനെക്കുറിച്ച് അറിയില്ലെന്നും എം.എല്‍എ പറഞ്ഞെങ്കിലും നേതൃത്വം ഇത് വിശ്വാസത്തിലെടുക്കാന്‍ തയാറായില്ലെന്ന് തുടർന്നുണ്ടായ പ്രതികരണം വ്യക്തമാക്കി. ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാക്കുന്നതായി പ്രതിഭയുടെ പോസ്റ്റ്. ജി സുധാകരനും പ്രതിഭയുമായുള്ള ശീതയുദ്ധം പരസ്യമായ രഹസ്യമാണ്. മുമ്പും സുധാകരനെതിരെ പ്രതിഭ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിട്ടുണ്ട്.

ജി സുധാകരന് ഇഷ്ടമില്ലാത്തവരെ പാര്‍ട്ടിയുടെയോ സര്‍ക്കാരിന്‍റെയോ പരിപാടിക്ക് അദ്ദേഹം അടുപ്പിക്കാറില്ലെന്ന് വ്യാപകമായ പരാതി ഉണ്ടായിരുന്നു. 2017ല്‍ പ്രതിഭയും സുധാകരനും തമ്മിലുള്ള അഭിപ്രായഭിന്നത തുടങ്ങിയത് മുതല്‍ സര്‍ക്കാര്‍ പരിപാടികളിലും പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും പരിപാടികളില്‍ നിന്ന് പ്രതിഭ കടുത്ത അവഗണന നേരിട്ടു. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ പോലും പ്രതിഭ അവഗണിക്കപ്പെട്ടു. പിന്നാലെ പ്രതിഭ ഫേസ്ബുക്കില്‍ കുറിച്ചത് വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സുധാകരന്‍റെ കവിതയുമായി ബന്ധപ്പെടുത്തിയായിരുന്നു പ്രതിഭയുടെ രൂക്ഷവിമർശനം.

പ്രതിഭയുടെ പഴയ പോസ്റ്റിന്‍റെ പൂര്‍ണ രൂപം

‘ഓര്‍ക്കുക വല്ലപ്പോഴും ‘…. ടോള്‍സ്റ്റോയിയുടെ ഒരു കഥയുടെ ശീര്‍ഷകം ഓര്‍ക്കുന്നു.. ‘God sees the truth; but wait..’ സ്ത്രീകളെ വേട്ടയാടാന്‍ ഇറങ്ങുന്നവരും കാണികളും ഒരേ പോലെ തന്നെ;രസമുണ്ട് പറഞ്ഞ് ചിരിക്കാന്‍, ആക്ഷേപിക്കാന്‍, സ്വഭാവഹത്യ നടത്താന്‍………. …………. പൊതുരംഗത്തെ സ്ത്രീകളെ പറ്റി പ്രത്യേകിച്ചും .. അവര്‍ പൊതുവഴിയിലെ ചെണ്ട പോലെ….. ……… കൊട്ടി ആഘോഷിക്കുന്നതിന് മുന്‍പ് ഒന്നോര്‍ത്തോളൂ… കണ്ണുകള്‍ അടച്ച് … നിങ്ങളുടെ അമ്മയും, ഭാര്യയും ,സഹോദരിയും, സ്‌നേഹിതയുമൊക്കെ മനസ്സറിയാത്ത കാര്യത്തിന് തീവ്ര വേദനയില്‍ നെഞ്ചുപൊട്ടി നിങ്ങള്‍ കാണാതെയോ കണ്ടോ ഒരിക്കല്‍ കരഞ്ഞിട്ടുണ്ടാക്കും.; ഓര്‍മ്മയിലുണ്ടോ ആ രംഗം? സ്ത്രീയുടെ കണ്ണുനീരിന് ഉപ്പിന്റെ രൂചി മാത്രമല്ല;രക്തത്തിന്റെ രുചി കൂടിയുണ്ടെന്ന് ഓര്‍മ്മ വേണം; ഓര്‍ക്കുക വല്ലപ്പോഴും…

കാമ കഴുതകള്‍ കരഞ്ഞുകൊണ്ട് ജീവിക്കും;അതൊരു ജന്തു വിധി… ചിലപ്പോള്‍, ഇതാവും വാര്‍ത്തക്കു പിന്നിലെ വാര്‍ത്ത.. ആ കരച്ചിലിനെ ചിലര്‍ കവിതയെന്നും കരുതും ………………. ഏതു പെണ്ണും തന്റെ വേളിക്കു വേണ്ടിയെന്നു കരുതിയ ഇന്ദുലേഖയിലെ സൂരിനമ്പൂതിരിയുടെ പുത്തന്‍ തലമുറ ശുംഭന്‍മാര്‍ നമുക്ക് ചുറ്റുമുണ്ട്.. കാല ക്രമത്തില്‍ അവര്‍ക്ക് നീളം കുറഞ്ഞെന്നു മാത്രം.. തനിക്കു വഴങ്ങാത്തവരെപ്പറ്റി സൂരി നമ്പൂതിരി പലവിധ മനോരാജ്യങ്ങള്‍ കാണും;പ്രചരിപ്പിക്കും. ഒടുവില്‍ സ്വഭാവഹത്യ എന്ന ആയുധം പ്രയോഗിക്കും. ഉടുപ്പും നടപ്പും ചര്‍ച്ചയാകുന്നതിന്റെ പൊരുള്‍ ഇത്ര മാത്രമെന്ന് ഓര്‍ക്കുക വല്ലപ്പോഴും…….

തന്റേടമുള്ള പെണ്ണിന്റെ കൈ മുതല്‍ സംസ്‌ക്കാരവും പ്രതികരണ ശേഷിയുമാണ്. ചുരിദാറും സുഹൃത്തുക്കളുമാകില്ല. ദുരിതക്കയങ്ങള്‍ നീന്തി തളര്‍ന്ന വ രാ ണ് എന്റെ സ്‌നേഹിതര്‍.കരയുന്ന അമ്മമാരും ചിരിക്കുന്ന കുഞ്ഞുങ്ങളുമാണ് എന്റെ കൂട്ടുകാര്‍………………..സൂരി നമ്പൂതിരിയുടെ കണ്ണുകള്‍ സ് ത്രീ യുടെ വസ്ത്രത്തില്‍ ഉടക്കി നില്‍ക്കും. അയയില്‍ കഴുകി വിരിക്കാന്‍ പോലും അവര്‍ സമ്മതിക്കില്ല.,. പിന്നെ, ഇട്ടു നടക്കുന്നവരെ വെറുതെ വിടുമോ? ?……………………….. ധീരന്‍ ഒരിക്കലേ മരിക്കൂ., ഭീരു അനുനിമിഷം മരിക്കുന്നു… അനുനിമിഷം മരിക്കേണ്ടവര്‍ നമ്മള്‍ അല്ല …….. കണ്ണുനീരിന് രക്തത്തിന്റെ നിറം.,,,,,.. രക്തത്തിന്റെ രുചി……….:…….. ഓര്‍ക്കുക വല്ലപ്പോഴും.,,,,