പി.സി ജോര്‍ജ് വിഷയം: ഹാജരാകാത്തത് പോലീസ് ആവശ്യപ്പെടാത്തതുകൊണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ; വിവാദം

Jaihind Webdesk
Monday, May 2, 2022

 

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോര്‍ജിനെ മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കുമ്പോള്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എത്താതിരുന്നത് വിവാദമാകുന്നു. പൊലീസ് ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വിശദീകരണം. അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പി.സി ജോര്‍ജിന്‍റെ ജാമ്യം റദ്ദാക്കാന്‍ പോലീസ് മേല്‍ക്കോടതിയെ സമീപിച്ചേക്കും. ജാമ്യ ഉത്തരവിന്‍റെ പകര്‍പ്പ് പരിശോധിച്ച് ജില്ലാ കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാന്‍ ആണ് നീക്കം.

നിയമോപദേശം തേടി ആകും സര്‍ക്കാര്‍ മേല്‍ക്കോടതിയെ സമീപിക്കുന്നത്. സര്‍ക്കാര്‍ വാദം കേള്‍ക്കാതെ ആണ് ജാമ്യം നല്‍കിയത് എന്നതും ഹര്‍ജിയില്‍ ഉന്നയിക്കും. അതേസമയം വിവാദമായ കേസില്‍ മജിസ്ട്രേറ്റിന് മുന്നില്‍ സര്‍ക്കാര്‍ വാദം പറയേണ്ട പബ്ലിക് പ്രോസിക്യൂട്ടര്‍ എത്താതിരുന്നത് വിവാദമായിരിക്കുകയാണ്. പോലീസ് ആവശ്യപ്പെട്ടില്ല എന്ന പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വിശദീകരണം പോലീസിന് തിരിച്ചടി ആണ്. പി.സി ജോര്‍ജിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനാണ് എത്തിയത്. പ്രോസിക്യൂട്ടര്‍ എവിടെയെന്ന മജിസ്‌ട്രേറ്റിന്‍റെ ചോദ്യത്തിന് പോലീസിന് ഉത്തരമില്ലായിരുന്നു. അതേസമയം റിമാന്‍ഡ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് വാട്‌സ്ആപ്പ് വഴി നല്‍കുക മാത്രമാണ് പോലീസ് ചെയ്തതെന്നും അസിസ്റ്റന്‍റ് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

പ്രോസിക്യൂട്ടറുടെ അഭാവത്തില്‍ ജോര്‍ജിനെ 14 ദിവസം റിമാന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത് പോലീസാണ്. എന്നാല്‍ ജാമ്യം നല്‍കാവുന്ന വകുപ്പാണ് ചുമത്തിയതെന്നും ജാമ്യം നല്‍കണമെന്നും പിസിയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ദുർബലമായ പോലീസ് വാദം  തള്ളി കോടതി പി.സി ജോര്‍ജിന് ജാമ്യം നല്‍കുകയായിരുന്നു. പ്രമാദമായ കേസിലെ പോലീസ് നടപടിയിലുണ്ടായ വീഴ്ച ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പി.സി ജോര്‍ജിന് ജാമ്യം നല്‍കിയതിന് എതിരെ അപ്പീല്‍ നല്‍കാനാണ് പ്രോസിക്യൂഷന്‍ ആലോചിക്കുന്നത്. ചൊവ്വാഴ്ച ജാമ്യ ഉത്തരവ് കിട്ടിയതിനുശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. സര്‍ക്കാര്‍ ഭാഗം കേള്‍ക്കാതെയാണ് ജാമ്യമെന്നാണ് പ്രോസിക്യൂഷനും പോലീസും പറയുന്നത്. 153 എ, 295 എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.