‘ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’; മന്‍സൂറിന്‍റെ കൊലപാതകത്തിന് പിന്നാലെ പി ജയരാജന്‍റെ മകന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ; വിവാദം

Jaihind Webdesk
Wednesday, April 7, 2021

 

കണ്ണൂർ : കൂത്തുപറമ്പിൽ മുസ്​ലിം ലീഗ്​ പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ്​ പി ജയരാജന്‍റെ മകന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു.  ‘ഇരന്ന് വാങ്ങുന്നത്‌ ശീലമായിപോയി…’ എന്നായിരുന്നു ജെയിൻ രാജ്​ ഫേസ്​ബുക്കിൽ കുറിച്ചത്​. മൻസൂറിന്‍റെ കൊലപാതകത്തിന് പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

കൊലപാതകത്തെ ന്യായീകരിക്കുന്ന മട്ടിൽ സി.പി.എം അനുകൂലികൾ പോസ്റ്റിന്​ താഴെ കമന്‍റ്​ ചെയ്യുന്നുണ്ട്​. ലീഗ് പ്രവർത്തകന്‍റേത് ആസൂത്രിത കൊലയെന്നതിന്‍റെ തെളിവാണ് ഫേസ്ബുക്ക് പോസ്‌റ്റെന്ന് യൂത്ത് ലീഗ് നേതാവ് പി. കെ ഫിറോസ് പ്രതികരിച്ചു. 2014 ൽ ബി.ജെ.പി നേതാവ്​ മനോജ്​ കൊല്ലപ്പെട്ട സമയത്തുള്ള ജെയിൻ രാജിന്‍റെ പോസ്റ്റും വിവാദമായിരുന്നു. കൊലപാതകം ആസൂത്രിതമാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന തെളിവുകള്‍. ലീഗ് പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകന്‍റെ വാട്സാപ് സ്റ്റാറ്റസും പുറത്തുവന്നിരുന്നു. ‘ഈ ദിവസം ലീഗുകാർ വർഷങ്ങളോളം ഓർത്തുവയ്ക്കും, ഉറപ്പ്’ എന്നായിരുന്നു സ്റ്റാറ്റസിൽ പറഞ്ഞിരുന്നത്. കൂത്തുപറമ്പിൽ ഇന്നലെ നടന്ന ലീഗ് – സി.പി.എം സംഘർഷത്തിന് തൊട്ടുമുമ്പായിരുന്നു പ്രതിയുടെ സ്റ്റാറ്റസ്. പൊലീസിനെ അറിയിച്ചിട്ടും സംഭവത്തിൽ നടപടി ഒന്നും ഉണ്ടായില്ലെന്ന് ലീഗ് പ്രവർത്തകർ പറയുന്നു.

ഇന്നലെയാണ് കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ പുല്ലൂക്കര പാറാൽ സ്വദേശി മൻസൂറിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. കണ്ണൂർ പാനൂരിന് അടുത്ത് കടവത്തൂർ മുക്കിൽപീടികയിലാണ് ആക്രമണം നടന്നത്. ബോംബ് എറിഞ്ഞ് ഭീതിപടർത്തിയശേഷം മുഹ്സിനെയും മൻസൂറിനെയും വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചയോടെ മൻസൂർ മരിക്കുകയായിരുന്നു. മുഹ്‌സിൻ സാരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സിപിഎം പ്രവർത്തകന്‍ പി ജയരാജനുമായി അടുത്ത ബന്ധമുള്ളയാളാണ്.