വിലക്ക് തള്ളി പാര്‍ട്ടി ഗ്രാമത്തില്‍ ജയരാജനെ പുകഴ്ത്തുന്ന പോസ്റ്ററുകള്‍; വിവാദമായതോടെ പോസ്റ്റുകള്‍ നീക്കി

Jaihind Webdesk
Saturday, June 29, 2019

ബിംബവല്‍ക്കരണവും വ്യക്തിപരമായി മഹത്വവല്‍ക്കരിക്കുന്ന പ്രചരണങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് പാര്‍ട്ടിയും മുഖ്യമന്ത്രിയും നിര്‍ദ്ദേശിക്കുമ്പോഴും വിലക്കുകളെ മറികടന്ന് പി.ജയരാജനെ വാഴ്ത്തിപ്പാടുന്ന പോസ്റ്ററുകള്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഉയരുന്നത് സിപിഎമ്മിന് പുതിയ തലവേദനയാകുന്നു.   സിപിഎം മുന്‍ ജില്ലാ സെക്രട്ടറി  പി. ജയരാജനെ താരമാക്കി പാർട്ടി ശക്തി കേന്ദ്രങ്ങളിൽ തന്നെ റെഡ് ആർമിയുടെ പേരിലുള്ള ഫ്ലക്സ് ബോർഡുകൾ ഉയരുകയാണ്. തളിപ്പറമ്പ് നഗരസഭയിലെ മാന്ധംകുണ്ടിലും പരിസര പ്രദേശങ്ങളിലുമാണ് ബോർഡുകൾ ഉയർന്നത്.  ‘നിങ്ങൾ തളർന്നു പോയാൽ സാമൂഹ്യ വിരുദ്ധർ ഇവിടെ തഴച്ച് വളരും.  ഈ ഇടംകയ്യനാൽ ചുവന്ന കാവിക്കോട്ടകളും പച്ചകോട്ടകളും ഒരുപാടുണ്ട് കണ്ണൂരിൽ’ തുടങ്ങിയ വാചകങ്ങളാണ് ബോർഡിലുള്ളത്. ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയെത്തുടര്‍ന്ന് പാര്‍ട്ടി നിലപാട് തള്ളി പി.കെ.ശ്യാമളയുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി പി.ജയരാജന്‍ മുന്നോട്ട് വന്നതിന് പിന്നാലെയാണ് പോസ്റ്ററുകള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയുമുള്ള പ്രചരണം.

സംഭവത്തില്‍ ജയരാജന്‍ വ്യക്തിപരമായ മഹത്വവല്‌‍ക്കരണത്തിന് ശ്രമിക്കുന്നതായി പാര്‍ട്ടി നേതൃത്വത്തില്‍ തന്നെ ആരോപണങ്ങള്‍ ഉയരുന്നുണ്ട്.  മുഖ്യമന്ത്രി തന്നെ  ജയരാജന്‍റെ ‘ബിംബ’വൽക്കരണത്തെക്കുറിച്ച് നിയമസഭയിൽ വിമര്‍ശിച്ചിരുന്നു. ഇതിന്  പിന്നാലെ തന്നെ മഹത്വവൽക്കരിച്ചുള്ള പ്രചാരണങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ പി ജയരാജൻ നേരിട്ട് പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയും ചെയ്തു.  എന്നിട്ടും സഖാവ് പിജെ എന്ന് സംബോധന ചെയ്തുകൊണ്ടുള്ള പോസ്റ്ററുകളുമായി  ‘റെഡ് ആർമി’ എന്ന എഫ്ബി കൂട്ടായ്മ ശക്തമായി എത്തിയിരിക്കുന്നത് പാര്‍ട്ടി നേതൃത്വത്തിനുള്ളിലെ പടലപ്പിണക്കങ്ങളുടെ ആക്കം കൂട്ടുകയാണ്. ആന്തൂരിലും സമീപപ്രദേശങ്ങളിലുമാണ് ബോർഡുകൾ ഉയർന്നത്. സംഭവം വിവാദമായതോടെ പോസ്റ്റുകള്‍ നീക്കി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടിക്കാര്‍.