ബാർ കോഴ വിവാദം കത്തുന്നു; എക്സൈസ് മന്ത്രി വിദേശ പര്യടനത്തിന്; എം.ബി. രാജേഷും കുടുംബവും വിയന്നയിലേക്ക്

 

തിരുവനന്തപുരം: കോഴ ആരോപണം നാലാം വർഷത്തിലേക്ക് കടന്ന രണ്ടാം പിണറായി സർക്കാരിനെ അടിമുടി പിടിച്ചുലയ്ക്കുന്നതിനിടയിൽ എക്സൈസ് മന്ത്രി കുടുംബസമേതം വിദേശയാത്രയ്ക്ക് പോയി. വിയന്നയിലേക്കാണ് മന്ത്രി എം.ബി. രാജേഷും കുടുംബവും സ്വകാര്യ സന്ദർശനത്തിന് പുറപ്പെട്ടിരിക്കുന്നത്. ഫ്രാൻസ്, ബെൽജിയം, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുമെന്നാണ് വിവരം.

മദ്യ നയത്തിലെ വിവാദത്തിൽ ഇനി മന്ത്രി തിരിച്ചെത്തിയ ശേഷമേ ഇടതു മുന്നണിയിൽ ചർച്ച നടത്തൂ. മദ്യനയം മാറ്റാൻ സർക്കാരിന് പിരിവ് നൽകണമെന്ന ബാർ ഉടമയുടെ ശബ്ദസന്ദേശം പുറത്തുവന്ന് വിഷയം ചൂടുപിടിച്ചിരിക്കെയാണ് മന്ത്രിയുടെ വിദേശയാത്ര. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാറും വിദേശ യാത്ര നടത്തിയിരുന്നു.

മദ്യനയം മാറ്റാൻ സർക്കാരിന് പിരിവ് നൽകണമെന്ന ബാർ അസോസിയേഷൻ നേതാവിന്‍റെ ശബ്ദ സന്ദേശം പുറത്തുവന്നതോടെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഡിജിപിക്ക് കത്ത് നൽകിയിരുന്നു. വിഷയം ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണ സംഘത്തെ ഇന്ന് പ്രഖ്യാപിക്കും.

Comments (0)
Add Comment