അച്ഛനും മകളും… വിവാദങ്ങള്‍ ഇതാദ്യമല്ല…

Jaihind News Bureau
Monday, April 20, 2020

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ വിവാദങ്ങളിൽ പെടുന്നത് ഇതാദ്യമല്ല. വീണയുടെ സ്വാശ്രയ കോളേജ് പഠനം അന്ന് തന്നെ വലിയ ചർച്ചയായിരുന്നു.

കേരളം സ്വാശ്രയ കോളേജ് വിരുദ്ധ സമരത്തിൽ കത്തി നിൽക്കുന്ന കാലം. മെറിറ്റ്, സാമൂഹ്യ നീതി എന്നൊക്കെ പറഞ്ഞ് SFI DYFI പ്രവർത്തകർ കേരളത്തെ ചോരയിൽ മുക്കുന്ന സമയം. ഈ തീച്ചൂളകളിൽ ഒന്നും പെടാതെ പിണറായി വിജയന്‍റെ രണ്ട് മക്കളും ഭാവി സുരക്ഷിതമാക്കാൻ ലക്ഷങ്ങൾ ചിലവാക്കി പഠനാവസരങ്ങൾ ഉറപ്പിച്ചു. മകൻ വിവേക് ബർമിങ്ഹാമിലേക്ക് പറന്നപ്പോൾ മകൾ വീണക്ക് കോയമ്പത്തൂരിലെ സ്വാശ്രയ കോളേജിൽ സീറ്റുറച്ചു.

സീറ്റുറപ്പിക്കാൻ പിണറായി വിജയൻ നടത്തിയ യാത്രകൾ ബെർലിൻ കുഞ്ഞനന്തൻ നായരുടെ നേരനുഭവമായി മുന്നിലുണ്ട്. കുഞ്ഞനന്തൻ നായരുടെ ആത്മകഥയിലെ ദഹിക്കാതെ പോയ ഊണ് എന്ന അധ്യായം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി കഴിഞ്ഞു. മകൾക്ക് കേരളത്തിന് പുറത്ത് ഒരു സ്വാശ്രയ കോളേജിൽ പ്രവേശനം തരപ്പെടുത്താൻ എല്ലാ സ്വാധീനവും ഉപയോഗിക്കുന്നതിന് ഒരു പ്രത്യയശാസ്ത്ര അതിർ വരമ്പും പിണറായി വിജയന് തടസമായില്ല. പക്ഷേ അപ്പോഴും കേരളത്തിൽ സ്വാശ്രയ കോളേജുകൾക്കെതിരെ സി പി എമ്മിന്‍റെ യുവജന വിദ്യാർത്ഥി സംഘടനകൾ തൊണ്ട പൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. ഈ ചരിത്രം പഴയതാണെങ്കിലും വർത്തമാന കാലത്ത് ഇതൊരു ഓർമപ്പെടുത്തലാണ്. നെല്ലും പതിരും വേർതിരിക്കുമ്പോൾ ഒന്നും പാഴായി പോകാതിരിക്കാനുള്ള ഓർമപ്പെടുത്തൽ.