മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ കൂട്ടിച്ചേര്‍ത്തത് ആരുടെ നിര്‍ദേശപ്രകാരം? മറുപടി പറയാതെ കയ്യൊഴിയാനാകുമോ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും?

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ദ ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖം കേരളക്കരയെ പിടിച്ചുകുലുക്കിയിട്ടുണ്ട്. അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങള്‍ കൂട്ടിച്ചേര്‍ത്തത് ആരുടെ നിര്‍ദേശപ്രകാരമെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ചോദ്യമുന ചെന്നെത്തി നില്‍ക്കുന്നത് അഭിമുഖ വേളയില്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന വ്യക്തികളിലേക്കാണ്. അതില്‍ ഏറ്റവും പ്രധാനം റിലയന്‍സ് ഉദ്യോഗസ്ഥനായ ടി.ഡി.സുബ്രഹ്മണ്യന്റെ സാന്നിധ്യം തന്നെയാണ്. മാത്രവുമല്ല വിവാദമായ പരാമര്‍ശങ്ങള്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ക്കാന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞത് ആരുടെ നിര്‍ദേശപ്രകാരമെന്ന ചോദ്യവുമുയരുകയാണ്.

ഹരിയാനയിലെ ഒപി ജിന്‍ഡല്‍ സര്‍വകലാശാലയില്‍നിന്നു പബ്ലിക് പോളിസിയില്‍ പിജി പൂര്‍ത്തിയാക്കിയ സുബ്രഹ്മണ്യന്‍ കേരളത്തിലും ചില രാഷ്ട്രീയ പിആര്‍ ജോലികള്‍ ഏറ്റെടുത്തിരുന്നു. കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയിലെത്തിയ വേളയില്‍ അവരുടെ ‘രാഷ്ട്രീയ റീബ്രാന്‍ഡിങ്’ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു. കഴിഞ്ഞവര്‍ഷമാണ് സുബ്രഹ്മണ്യന്‍ റിലയന്‍സിലെത്തിയത്. മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുമ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ട്. ദ ഹിന്ദു പ്രതിനിധിക്ക് അഭിമുഖം നല്‍കുമ്പോള്‍ യാദൃച്ഛികമായി അവിടെ എത്തിയെന്നാണു സുബ്രഹ്മണ്യന്‍ സുഹൃത്തുക്കളോടു പറയുന്നത്.

മറ്റൊരു വ്യക്തി പിആര്‍ ഏജന്‍സിയായ കെയ്‌സന്റെ പ്രസിഡന്റ് നിഖില്‍ പവിത്രനാണ്. കൂനൂരില്‍ ടീ പ്ലാന്റേഷന്‍ ഉടമയായിരുന്ന പവിത്രന്‍ പിന്നീട് കുടുംബസമേതം മുംബൈയിലേക്കു താമസം മാറ്റി. മുംബൈയിലുള്ള നിഖില്‍ ഐടിമാനേജ്‌മെന്റ് മേഖലയുമായി ബന്ധപ്പെട്ടാണു ജോലി ചെയ്യുന്നതെന്നാണു നാട്ടിലെ വിവരം. വല്ലപ്പോഴും ഉത്സവ സമയങ്ങളില്‍ എത്തുന്നതാണു നിലവില്‍ മാഹിയുമായുള്ള ബന്ധം. പ്രത്യക്ഷത്തില്‍ രാഷ്ട്രീയ ബന്ധമുള്ളതായി മാഹിയില്‍ വിവരമില്ല.

അഭിമുഖത്തിനുശേഷം, മുഖ്യമന്ത്രി മുന്‍പു നടത്തിയ വാര്‍ത്താസമ്മേളനത്തിലെ ചില വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ നിര്‍ദേശം ലഭിക്കുകയും മുഖ്യമന്ത്രിക്കൊപ്പം കേരള ഹൗസിലുണ്ടായിരുന്ന സുബ്രഹ്മണ്യന്‍ ഇക്കാര്യം എഴുതിത്തയാറാക്കി പത്രത്തിനു നല്‍കുകയുമായിരുന്നു. മലപ്പുറത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ‘ദേശവിരുദ്ധ’ പരാമര്‍ശം പിആര്‍ ഏജന്‍സിക്കു സംഭവിച്ച പരിഭാഷപ്പിഴവെന്ന് അനൗദ്യോഗികമായി വിശദീകരിച്ചു തലയൂരാനാണ് നീക്കം. പക്ഷേ, അപ്പോഴും മുഖ്യമന്ത്രിയുടെ അഭിമുഖത്തിനു പിആര്‍ ഏജന്‍സിയെ ഇടപെടുത്തി എന്നു സമ്മതിക്കേണ്ടിവരും.

Comments (0)
Add Comment