വിവാദ ചോദ്യങ്ങള്‍ക്ക് മറുപടിയില്ല; നിയമസഭയില്‍ ഒളിച്ചുകളിച്ച് ധനമന്ത്രി

 

തിരുവനന്തപുരം: നിയമസഭയില്‍ വിവാദചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. മാസപ്പടി വിവാദത്തിലും ഇന്‍ററിങ് സെറ്റില്‍മെന്‍റ് ബോര്‍ഡ് ഉത്തരവിലും ധനമന്ത്രി മറുപടി പറഞ്ഞില്ല. നികുതി കുടിശ്ശിക വരുത്തിയ ബാറുകാരുടെ വിവരങ്ങളും നല്‍കാനാകില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. ജിഎസ്ടി വകുപ്പിന്‍റെ പേര് പറഞ്ഞാണ് ധനമന്ത്രിയുടെ വിചിത്രവാദം.

വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വിവരം പുറത്തു പറയാനാകില്ലെന്നായിരുന്നു ധനമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി. ഹൈറിച്ച് സംഭാവനയിലും ധനവകുപ്പ് മന്ത്രി മിണ്ടിയില്ല. കേരളീയത്തിന് വന്‍ തുക ഹൈറിച്ച് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയതായി ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സമ്മേളനങ്ങളില്‍ ചോദിച്ചതാണ് ചോദ്യങ്ങളെല്ലാമെങ്കിലും മറുപടി കിട്ടിയത് ഇത്തവണയാണ്. കിട്ടിയതാകട്ടെ വിചിത്ര മറുപടിയും.

വെട്ടിപ്പില്‍ നടപടി എടുത്തതിന് പോലും ധനമന്ത്രി സഭയില്‍ മറുപടി നല്‍കിയില്ല. ജിഎസ്ടി 158 വകുപ്പിന്‍റെ പേര് പറഞ്ഞാണ് ധനമന്ത്രി ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറിയത്. നികുതി ദായകന്‍റെ സ്വകാര്യ വിവരം പുറത്താക്കരുത് എന്ന് മാത്രമാണ് വകുപ്പ് 158 പറയുന്നതെന്നിരിക്കെയാണ് ധനമന്ത്രിയുടെ ഒളിച്ചുകളി. നികുതി കുടിശ്ശിക വരുത്തിയ ബാറുകാരുടെ വിവരം മറച്ചുവെച്ചത് കെജിഎസ്ടി 54(1) പ്രകാരമാണ്.

Comments (0)
Add Comment