ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എമ്മിന്‍റെ വിവാദ സര്‍വെ

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി CPM ജാതി-മത വിവരങ്ങള്‍ അടക്കമുളള സര്‍വെ നടത്തുന്നു. കണ്ണൂര്‍ അടക്കമുളള ജില്ലകളില്‍ സര്‍വെ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രത്യേക ഫോറം തയാറാക്കി ബ്രാഞ്ച് അടിസ്ഥാനത്തിലാണ് സര്‍വെ. വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്ന സര്‍വെക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്.

നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ CPM ബൂത്ത് കമ്മറ്റികള്‍ക്കാണ് സര്‍വെയുടെ ചുമതല. പാര്‍ട്ടി ലോക്കല്‍ കമ്മറ്റികളാണ് സര്‍വെയുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്. പ്രത്യേകം തയാറാക്കിയ ചോദ്യാവലി ഉപയോഗിച്ച് ഓരോ കുടുംബത്തിലെയും അംഗങ്ങളുടെ വിവരങ്ങളാണ് ഈ സര്‍വെയിലൂടെ ശേഖരിക്കുന്നത്. വ്യക്തികളുടെ ജാതി, മതം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍, രാഷ്ട്രീയ-സാമുദായിക ആഭിമുഖ്യം തുടങ്ങിയവയാണ് ചോദ്യാവലിയിലുളളത്. സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍, ക്ഷേമ പെന്‍ഷനുകള്‍ തുടങ്ങിയവ സംബന്ധിച്ചും ചോദ്യാവലിയില്‍ പരാമര്‍ശമുണ്ട്.

https://www.youtube.com/watch?v=6zUwjqC_s0o

കഴിഞ്ഞ ആഴ്ച പൂര്‍ത്തികരിക്കേണ്ട സര്‍വെയുടെ സമയ പരിധി പ്രളയത്തെ തുടര്‍ന്ന് ഈ മാസം അവസാനം വരെ നീട്ടിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ CPM ശക്തി കേന്ദ്രങ്ങളില്‍ ഇന്നലെയോടെ സര്‍വെ പൂര്‍ത്തിയായി. ഇതിനിടെ വ്യക്തി വിവരങ്ങള്‍ ശേഖരിച്ച് നടത്തുന്ന CPM സര്‍വെക്കെതിരെ കണ്ണൂരില്‍ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.

രണ്ട് മാസം മുന്‍പ് ചേര്‍ന്ന CPM സംസ്ഥാന കമ്മിറ്റിയായിരുന്നു സര്‍വെ സംബന്ധിച്ച് ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഈ മാസം അവസാനത്തോടെ സര്‍വെ പൂര്‍ത്തിയാക്കി നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ ക്രോഡീകരിച്ച് നല്‍കാനാണ് നിലവില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദേശം.

cpm survey
Comments (0)
Add Comment