വോട്ടർ പട്ടികയിൽ നിന്നും 40,000 പേർ പുറത്ത്; പരാതിയുമായി യുഡിഎഫ്

Jaihind Webdesk
Monday, April 29, 2019

ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്നും 40,000 പേർ പുറത്ത്. വോട്ടർമാരെ മനപൂർവം ഒഴിവാക്കിയ സംഭവത്തെക്കുറിച്ച് സ്‌പെഷൽ ബ്രാഞ്ച് വിവരശേഖരണം തുടങ്ങി.

ഇടുക്കി പാർലമെന്‍റ് മണ്ഡലത്തിലെ അന്തിമ വോട്ടർ പട്ടികയിൽ നിന്ന് 40,000 യുഡിഎഫ് വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയെന്നു പരാതി. ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ പാർലമെന്‍റ് മണ്ഡലത്തിലെ 193 ബൂത്തുകളിലെയും ഒഴിവാക്കപ്പെട്ട യുഡിഎഫ് വോട്ടർമാരുടെ പട്ടിക ഇതിനകം തയാറാക്കി. തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകാന്‍ ഒരുങ്ങുകയാണ് യുഡിഎഫ് നേതൃത്വം. ബൂത്ത്‌തല പട്ടിക തയാറാക്കിയ ശേഷം പരാതി നൽകാനാണ് തീരുമാനം. കരട് വോട്ടർപട്ടിക തയാറാക്കിയപ്പോൾ പേരുണ്ടായിരുന്നവർ അന്തിമ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്നാണ് പ്രധാന ആരോപണം.

ബൂത്തുകളിൽ നിന്നു പാർട്ടി നേതൃത്വത്തിനു പരാതി ലഭിച്ചതോടെ കോൺഗ്രസ് നേതൃത്വം സമാഹരിച്ച പ്രാഥമിക കണക്കിലാണ് നാല്‍പതിനായിരത്തോളം പേർ ഒഴിവാക്കപ്പെട്ടതായി കണ്ടെത്തിയത്.

എന്നാല്‍ ഇതുവരെയും ഇത് സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ കലക്ടര്‍ പക്ഷേ തോട്ടംമേഖലയിൽ അവധി നൽകിയിരുന്നതിനാൽ ഇത്തവണ പോളിങ് കുറവായിരുന്നുവെന്നും ഇക്കാര്യം പ്രത്യേകം നിരീക്ഷിച്ചിരുന്നതായും അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി നിയോഗിച്ച ബിഎൽഒമാരെ മുൻനിർത്തി വോട്ടർ പട്ടികയിൽ അട്ടിമറി നടത്തിയെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.