ശബരിമല ദർശനം : 51 യുവതികളുടെ പട്ടികയിൽ ദുരൂഹത

Jaihind Webdesk
Friday, January 18, 2019

Sabarimala-list-SC

ശബരിമല ദർശനം നടത്തിയ 51 യുവതികളുടെ പട്ടിക കോടതിയിൽ സമർപ്പിച്ച് സർക്കാർ: തെളിവില്ലെന്ന് ദേവസ്വം ബോർഡ്. വിശ്വാസ്യതയില്ലെന്ന് പന്തളം കൊട്ടാരം.

ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയെന്ന അവകാശവാദമുന്നയിച്ച് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച് പട്ടികയിൽ ദുരൂഹതയെന്ന് സൂചന. ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, തെലങ്കാന, ഗോവ സംസ്ഥാനങ്ങളിൽ നിന്നുള്ള 51 യുവതികളുടെ പേരു വിവരങ്ങളും ആധാർ കാർഡും വിലാസവും ഉൾപ്പെടെയുള്ള വിവരങ്ങളാണു സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്ത് നിന്നുമുള്ള ആരുടെയും പേര് വിവരങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല. ഓൺലൈനിൽ റജിസ്റ്റർ ചെയ്ത് എത്തിയ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള യുവതികളുടെ വിവരങ്ങളാണ് സർക്കാർ സമർപ്പിച്ചത്. വെർച്വൽ ക്യൂ വഴി അല്ലാതെയും യുവതികൾ ദർശനം നടത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

എന്നാൽ പട്ടികയിൽ ഉൾപ്പെട്ട് പലർക്കും അമ്പത് വയസിനു മുകളിൽ പ്രായമുണ്ടെന്നുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. 7,564 യുവതികളാണ് ശബരിമലയിലെത്താൻ റജിസ്റ്റർ ചെയ്തതെന്നും രേഖ പ്രകാരമുള്ള വിവരമാണ് സുപ്രീം കോടതിയെ അറിയിച്ചതെന്നും ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ പ്രതികരിച്ചു. 51 യുവതികൾ ദർശനം നടത്തിയതായി സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം ശരിയായിരിക്കാമെന്നും ഇത് സംബന്ധിച്ച് ദേവസ്വം ബോർഡിന്റെ കൈവശം അതിനുള്ള കണക്കുകളോ തെളിവുകളോ ഇല്ലെന്നും ദേവസ്വം ബോർഡ് അംഗങ്ങളായ കെ.പി.ശങ്കരദാസ്, എൻ.വിജയകുമാർ എന്നിവർ വ്യക്തമാക്കി.

പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ വന്നു ദർശനം നടത്താം. ഈ യുവതികളാരും പ്രചാരണത്തിനു വേണ്ടി വന്നവരാകില്ലെന്നും അതിനാൽ തന്നെ പുറത്തറിയേണ്ട കാര്യമില്ലെന്നും സർക്കാർ കണക്ക് അവിശ്വസിക്കേണ്ടതില്ലെന്നും അവർ വ്യക്തമാക്കി. സർക്കാർ പട്ടിക പ്രകാരം സുപ്രീം കോടതി വിധി നടപ്പായി എന്നാണു കരുതേണ്ടത്. യുവതികൾ എത്തിയതിന്റെ കണക്കെടുക്കാൻ ദേവസ്വം ബോർഡിന് സംവിധാനങ്ങൾ ഒന്നുമില്ലെന്നും അംഗങ്ങൾ വ്യക്തമാക്കി. സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ പട്ടിക വിശ്വാസ്യതയില്ലാത്തതാണെന്നായിരുന്നു പന്തളം കൊട്ടാരത്തിന്റെ പ്രതികരണം.

ശബരിമല തീർഥാടനം ആരംഭിച്ച ശേഷം ആദ്യമായാണ് എത്രപേർ ശബരിമലയിലെത്തിയെന്ന വിവരം സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചത്. ഇതിനു പുറമേ അവിടെയെത്തിയ ബിന്ദുവിനും കനകദുർഗയ്ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയിലെത്തുന്നവർക്കു സുരക്ഷ നൽകുന്നുണ്ടെന്നു സംസ്ഥാനം അറിയിച്ചപ്പോൾ ഇതു തുടരണമെന്നും സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്. തന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ശുദ്ധിക്രിയ ഉൾപ്പെടെയുള്ള വിഷയത്തിൽ പ്രതികരിക്കാനില്ലെന്നു വ്യക്തമാക്കിയ സുപ്രീം കോടതി തങ്ങൾക്ക് എല്ലാമറിയാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.