സംസ്ഥാന സർക്കാരിന്‍റെ ഓണംവാരാഘോഷത്തിന് ഇന്ന് തുടക്കമാവും. ഏഴ് ദിവസം നീണ്ട് നിൽകുന്ന ആഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം ആറ് മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരാഴ്ച നീണ്ടു നിൽ ക്കുന്ന ഓണം വാരാഘോഷത്തിന് തുടക്കം കുറിക്കും. അതോടെ തലസ്ഥാനം ആഘോഷ ലഹരിയില്‍ അമരും.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മികച്ച ചലച്ചിത്ര നടിക്കുള്ള ദേശീയ പുരസ്‌കാര ജേതാവ് കീർത്തി സുരേഷ്, പ്രശസ്ത സിനിമാ താരം ടൊവിനോ തോമസ് എന്നിവർ മുഖ്യ അതിഥികളായിരിക്കും.
കേരളത്തിന്റെ പരമ്പരാഗതവും തനിമ നിറഞ്ഞതുമായ കലാരൂപങ്ങൾക്കൊപ്പം ആധുനിക കലകളും സംഗീത-ദൃശ്യ വിരുന്നുകളും ആയോധന കലാ പ്രകടനങ്ങളുമെല്ലാം ഇക്കൊല്ലത്തെ ഓണം വാരാഘോഷത്തിന്‍റെ മാറ്റുകൂട്ടും. വെള്ളായണി ഉൾപ്പടെ തലസ്ഥാന നഗരിക്ക് അകത്തും പുറത്തുമായി 29 വേദികളിലാണ് വിനോദസഞ്ചാര വകുപ്പ് കലാപരിപാടികൾ സംഘടിപ്പിക്കുന്നത്. ഏഴു ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളിൽ അയ്യായിരത്തിലേറെ കലാകാരന്മാർ അണിനിരക്കും.
പ്രശസ്ത പിന്നണി ഗായകരായ എം.ജി ശ്രീകുമാർ, വിധു പ്രതാപ്, സുധീപ് കുമാർ, റിമി ടോമി, ജ്യോത്സ്ന, രമേഷ് നാരായണൻ, ജാസി ഗിഫ്റ്റ്, കാവാലം ശ്രീകുമാർ തുടങ്ങിയ പ്രമുഖർ വിവിധ വേദികൾക്ക് മാറ്റുകൂട്ടും. പ്രശസ്ത നർത്തകരും സിനിമാ താരങ്ങളുമായ ആശാ ശരത്തിന്‍റെയും നവ്യ നായരുടെയും നൃത്തപരിപാടികളും അരങ്ങേറും. മ്യൂസിക് ബാൻഡായ തൈക്കുടം ബ്രിഡ്ജിന്‍റെ സംഗീത പരിപാടിയാണ് മറ്റൊരു ആകർഷണം.
രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ടൂറിസം സംഗമമാണ് ഈ വർഷത്തെ ഓണാഘോഷത്തിന്‍റെ മറ്റൊരു സവിശേഷത. പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ ആർഭാടമില്ലാതെ ഓണാഘോഷം സംഘടിപ്പിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചത്.
എന്നാൽ ആറ് കോടിയലധികം രൂപയാണ് ഓണം വാരാഘോഷത്തിനായി സർക്കാർ മാറ്റി വച്ചിരിക്കുന്നത്. അതു കൊണ്ട് തന്നെ സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങൾ നില നിൽക്കുന്ന ഘട്ടം കൂടിയാണിത്.
https://www.youtube.com/watch?v=N-Oe79q8mG0