മന്ത്രി കെ.ടി.ജലീലിന്‍റെ നിയന്ത്രണത്തിലുള്ള ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ വീണ്ടും നിയമന വിവാദം

Jaihind News Bureau
Thursday, December 5, 2019

മന്ത്രി കെ.ടി.ജലീലിന്‍റെ നിയന്ത്രണത്തിലുള്ള ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ വീണ്ടും നിയമന വിവാദം. ഇഷ്ടക്കാരെ തിരുകി കയറ്റാൻ വ്യാപകമായി കരാർ നിയമനം നടത്തുന്നു. വകുപ്പിൽ ആകെയുള്ള 103 ജീവനക്കാരിൽ 95 പേരും കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവരാണ്. മുഴുവൻ നിയമനങ്ങളും നടത്തിയത് ഈ സർക്കാർ അധികാരത്തിൽ വന്നശേഷം.

സർവ്വകലാശാലകളിലെ അനധികൃത ഇടപെടൽ വലിയ വിവാദങ്ങൾക്ക് വഴിവച്ചതിന് പിന്നാലെയാണ് കെ.ടി ജലീലിന്റെ നിയന്ത്രണത്തിലുള്ള ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ അനധികൃത നിയമനത്തിന്റെ വിവരങ്ങളും പുറത്ത് വന്നിരിക്കുന്നത്. 2011 ൽ നിലവിൽ വന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ ആകെ 103 ജീവനക്കാരാണ് ഉള്ളത്. ഇതിൽ 95 പേരും കരാർ വ്യവസ്ഥയിലോ താൽക്കാലികാടിസ്ഥാനത്തിലോ നിയമിക്കപ്പേട്ടവരാണ്. സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത തരത്തിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തണം എന്നതാണ് വ്യവസ്ഥ. ഇത് അട്ടിമറിച്ചാണ് ഇഷ്ടക്കാർക്ക് വകുപ്പിൽ നിയമനം നൽകിയിരിക്കുന്നത്.

ഇടതു സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് മുഴുവൻ കരാർ നിയമനങ്ങളും നടത്തിയത്. ഇഷ്ടക്കാരെ നിലനിർത്തുന്നതിനുവേണ്ടി സ്ഥിരം നിയമന നടപടി ക്രമങ്ങൾ സർക്കാർ മനപ്പൂർവ്വം വൈകിപ്പിക്കുകയാണ്. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതിനോ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഉദ്യാഗസ്ഥരെ നിയമിക്കുന്നതിനോ യാതൊരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല.

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ ഉന്നത പദവിയിൽ മന്ത്രിയുടെ ബന്ധുവിനെ നിയമിച്ചത് നേരത്തെ വിവാദമായിരുന്നു. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി മന്ത്രിയുടെ പിതൃസഹോദര പുത്രന്‍ ടി.കെ അദീബിനെയാണ് നിയമിച്ചത്.വിവാദത്തെ തുടർന്ന് പിന്നീട് നിയമനം റദ്ദാക്കേണ്ടി വന്നിരുന്നു.ഇതിന് പിന്നാലെയാണ് മന്ത്രിയെ പ്രതിരോധത്തിലാക്കുന്ന വിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്