കാസർഗോഡ് : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. സുരേന്ദ്രൻ ഉപയോഗിച്ച മൊബൈൽ ഫോൺ ഹാജരാക്കാനായി ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി. സുരേന്ദ്രന്‍ നല്‍കിയ മൊഴിയിൽ വൈരുദ്ധ്യം കണ്ടതിനെ തുടർന്നാണ് തീരുമാനം.
കെ സുരേന്ദ്രനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സതീഷ്കുമാറിന്‍റെ നേതൃത്വത്തില്‍ ഒരു മണിക്കൂറോളം ചോദ്യം ചെയ്തത്. കേസിലെ നിര്‍ണ്ണായക തെളിവുകളിലൊന്നായ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടുവെന്നാണ് സുരേന്ദ്രന്‍ നല്‍കിയ മൊഴി. എന്നാല്‍ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ ഇപ്പോഴും സുരേന്ദ്രന്‍ തന്നെ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് മൊഴികളിലെ തട്ടിപ്പ് ക്രൈം ബ്രാഞ്ചിന് വ്യക്തമായത്. ഇതോടെയാണ് സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. കൂടാതെ സുരേന്ദ്രന്‍ അന്ന് ഉപയോഗിച്ച മൊബെൽ ഫോൺ ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്. ഇതിനുപുറമെ സുന്ദര നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ അപേക്ഷ തയാറാക്കിയ കാസര്‍ഗോട്ടെ സ്വകാര്യ ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്ന മൊഴിയും തെറ്റാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
സുരേന്ദ്രന്‍ മുഖ്യ പ്രതിയായ കേസില്‍ ബിജെപി മുന്‍ ജില്ലാ പ്രസിഡന്‍റുമാരായ അഡ്വ. വി ബാലകൃഷ്ണ ഷെട്ടി, സുരേഷ്കുമാര്‍ ഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷററും സുരേന്ദ്രന്‍റെ അടുത്ത സുഹൃത്തുമായ സുനില്‍നായ്ക്ക് എന്നിവരുള്‍പ്പെടെ ആറു പേരെ കൂടി പ്രതി ചേര്‍ത്തിട്ടുണ്ട്. മഞ്ചേശ്വരത്തെ ഇടതുസ്ഥാനാര്‍ത്ഥിയായ വി.വി രമേശന്‍ നല്‍കിയ പരാതിയില്‍ കാസര്‍ഗോഡ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് കേസില്‍ അന്വേഷണം നടക്കുന്നത്.