ഉദ്ഘാടനത്തിന് മുന്‍പേ വെള്ളാനയായി സഭാ ടിവി; ഓണ്‍ലൈന്‍ പ്രചാരണത്തിനായി ഇടത് സഹയാത്രികന്‍റെ കമ്പനിക്ക് കരാര്‍ നല്‍കിയത് ടെണ്ടർ പോലും വിളിക്കാതെ; പിന്നില്‍ ശിവശങ്കറിന്‍റെ നേതൃത്വത്തിലുള്ള സമിതി

Jaihind News Bureau
Friday, July 24, 2020

തിരുവനന്തപുരം : കേരള നിയമസഭയുടെ കീഴില്‍ ആരംഭിക്കുന്ന സഭാ ടി.വിയിലും വിവാദം.  സഭാ ടി.വിയുടെ ഓണ്‍ലൈന്‍ പ്രചാരണത്തിന്‍റെ ചുമതല കൊച്ചി ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് നല്‍കിയത് ടെണ്ടർ വിളിക്കാതെ. അര കോടിയോളം രൂപയുടെ കരാറാണ് ഇടത് സഹയാത്രികന്‍റെ 2018 ല്‍ രൂപീകരിച്ച ബിട്രയ്റ്റ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് നല്‍കിയത്. ഐ.ടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്‍റെ നേതൃത്വത്തിലുള്ള സമിതിയാണ് കമ്പനിയെ തെരഞ്ഞെടുത്തത്. ഇതിലും കുറഞ്ഞ തുകയ്ക്ക് കരാര്‍ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്ന കമ്പനികളെയും ഒഴിവാക്കിയാണ് ബിട്രയ്റ്റിന് കരാർ  നല്‍കിയത്.

നിയമസഭാ ടിവിയുടെ ഒ.ടി.ടി പ്ലാറ്റ്ഫോം തയാറാക്കാനുളള 47 ലക്ഷം രൂപയുടെ കരാർ ടെണ്ടർ വിളിക്കാതെ നല്‍കിയതാണ് സംശയത്തിന്‍റെ നിഴലിലുള്ളത്. അര കോടി രൂപയുടെ കരാറായിട്ടും ചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ല. പകരം ഐ.ടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്‍റെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിച്ച് ബിട്രയ്റ്റിന് കരാര്‍ നല്‍കുകയായിരുന്നു. ഇതിനെക്കാള്‍ കുറഞ്ഞ തുകയ്ക്ക് കരാര്‍ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്ന സ്ഥാപനങ്ങളെയും തഴഞ്ഞാണ് ഇടത് സഹയാത്രികന്‍റെ കമ്പനിക്ക് കരാർ നല്‍കിയത്.

ഒ.ടി.ടി പ്ലാറ്റ്‌ഫോം തയാറാക്കാന്‍ സജ്ജമായ കേരളത്തിലെ ഏക സ്റ്റാര്‍ട്ടപ്പ് ബിട്രയ്റ്റ് മാത്രമാണെന്നാണ് നിയമസഭാ സെക്രട്ടറിയേറ്റിന്‍റെ വിശദീകരണം. എന്നാല്‍ പൊതുഖജനാവില്‍ നിന്ന് ഇത്രയും ഉയർന്ന തുക ചെലവഴിക്കുമ്പോള്‍ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെ ഒരു സ്വകാര്യ കമ്പനിയെ എങ്ങനെ നേരിട്ട് തെരഞ്ഞെടുക്കാന്‍ കഴിയും എന്നതാണ് ഉയരുന്ന ചോദ്യം. അതിനിടെ സഭാ ടി.വിയുമായി സജീവമായി പ്രവര്‍ത്തിച്ചിരുന്ന ബിട്രയ്റ്റിന്‍റെ ജീവനക്കാരി  അടുത്തിടെ രാജി വെച്ചതും ദുരൂഹത ഉയര്‍ത്തുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ കട സ്പീക്കര്‍ ഉദ്ഘാടനം ചെയ്തത് വിവാദം ആകുന്നതിനിടെയാണ് ഇവര്‍ രാജിവച്ചെന്നാണ് സൂചന. വിവാദമായതിനെ തുടർന്ന് സഭാ ടി.വിയുടെ ഉദ്ഘാടനം 27ല്‍ നിന്ന് മാറ്റിയതായാണ് വിവരം.