ഭരണഘടനാ സംരക്ഷണ സമിതി തട്ടിപ്പ് : കൊടിക്കുന്നില്‍ സുരേഷ്

Jaihind News Bureau
Friday, December 27, 2019

നവോത്ഥാന സംരക്ഷണ സമിതിപോലെ ഭരണഘടനാ സംരക്ഷണ സമിതി രൂപീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം മറ്റൊരു തട്ടിപ്പാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. പിണറായിയും ഇടതുമുന്നണിയും മാത്രം വിചാരിച്ചാല്‍ ഭരണഘടനയെ സംരക്ഷിക്കാനാവില്ല. ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യം വച്ചുള്ള തരംതാണ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണിത്. പ്രതിപക്ഷവുമായി വേണ്ട കൂടിയാലോചനയില്ലാതെയാണ് മനുഷ്യച്ചങ്ങല നിര്‍മ്മിക്കാനുള്ള നീക്കം. പൗരത്വ നിയമത്തിനെതിരെ ദേശീയതലത്തിലും സംസ്ഥാന തലത്തിലും കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധപരിപാടികളാണ് സംഘടിപ്പിക്കുന്നത്. പ്രതിപക്ഷത്തെ അപമാനിച്ച് ഈ വിഷയത്തില്‍ നല്ലപിള്ള ചമയാനാണ് സി.പി.എമ്മിന്‍റെയും ഇടതുപക്ഷത്തിന്‍റെയും നീക്കം. ഇത് തിരിച്ചറിഞ്ഞാണ് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.

മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ നിയമസഭ വിളിച്ച് ചേര്‍ത്ത് ചര്‍ച്ച ചെയ്യുകയോ സര്‍വ്വകക്ഷി സംഘവുമായി ഡല്‍ഹിയില്‍ ചെന്ന് ജനങ്ങളുടെ ആശങ്കയും പ്രതിഷേധവും കേന്ദ്രത്തെ അറിയിക്കുകയോ ചെയ്യാന്‍ മുന്‍കൈയെടുക്കുകയാണ് വേണ്ടത്. ഇത്തരം നടപടികളാണ് സര്‍ക്കാരും മുഖ്യമന്ത്രിയും സ്വീകരിക്കേണ്ടത്. മറിച്ച് മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സമരം ഹൈജാക്ക് ചെയ്ത് കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷനായി സ്വയം അവരോധിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം അപഹാസ്യമാണ്.

പൗരത്വ നിയമത്തിന്റെ ഭരണഘടനാ സാധ്യതയെ സുപ്രീം കോടതി ചോദ്യം ചെയ്യുകയും ശക്തമായ വാദമുഖങ്ങള്‍ ഉന്നയിച്ചതും കോണ്‍ഗ്രസിന്‍റെ സീനിയര്‍ നേതാക്കളായ അഭിഭാഷകരാണ്.

രാഷ്ട്രീയ വിഷയങ്ങളില്‍ സൈനിക മേധാവി ഇടപെടുന്നതും അഭിപ്രായം രേഖപ്പെടുത്തുന്നതും ജനാധിപത്യത്തിന് ഭൂഷണമല്ല. അപകടകരമായ അവസ്ഥയിലേക്കാണ് രാജ്യം പോകുന്നത് എന്നതിന്‍റെ സൂചനയാണ് സൈനിക മേധാവിയുടെ പ്രസ്താവന. സൈനിക മേധാവിയെ തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണംമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.