ഡല്‍ഹി :നവീന ഇന്ത്യയുടെ രേഖയാണ് ഭരണഘടനയെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഗാന്ധിയുടെയും, നെഹ്രുവിന്റെയും, അംബേദ്കറിന്റെയുമൊക്കെ ആശയങ്ങളാണ് ഭരണഘടനയിലുള്ളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലോക്‌സഭയില്‍ ഭരണഘടന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. ഭരണഘടനയുടെ ചെറിയ പതിപ്പ് കൈയില്‍ കരുതിയാണ് രാഹുല്‍ സംസാരിക്കാന്‍ തുടങ്ങിയത്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കും.
ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവര്‍ക്കര്‍ പറഞ്ഞത്. മനു സ്മൃതിയാണ് ഔദ്യോഗിക രേഖയെന്നതായിരുന്നു വാദം. ഇന്നും ബിജെപിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണ ഘടനയല്ല. സവര്‍ക്കറെ വിമര്‍ശിച്ചാല്‍ തന്നെ കുറ്റക്കാരനാക്കും. രാജ്യത്തെ പിന്നാക്കം കൊണ്ടുപോകാനാണ് ബിജെപിയുടെ ശ്രമമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
യുപിയില്‍ ബിജെപി ഭരണമാണ്. അവിടെ മനുസ്മൃതിയാണ് പിന്തുടരുന്നത്. ഹാത്രസിലെ അതിജീവിതയുടെ കുടുംബത്തെ ഭരണ സംവിധാനം ഒറ്റപ്പെടുത്തിയിരിക്കുന്നു. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക തുല്യത ഇല്ലാതായിരിക്കുന്നു. ജാതി സെന്‍സസ് കൊണ്ടു വാരാത്തത് തുല്യതയില്ലായ്മയുടെ തെളിവാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം, പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗമായിരുന്നു കഴിഞ്ഞ ദിവസം വലിയ ശ്രദ്ധ നേടിയത്.