മുട്ടില്‍ മരംമുറി കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന; സാജനെതിരെ നടപടി വേണമെന്ന് ശുപാർശ, കണ്ണടച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

Jaihind Webdesk
Monday, August 23, 2021

 

തിരുവനന്തപുരം : മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടന്നതായി വനംവകുപ്പിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തല്‍. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എന്‍.ടി സാജന്‍ കേസിലെ മുഖ്യ പ്രതികളുമായി ഗൂഢാലോചന നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എൻ.ടി സാജനെതിരായ ഗുരുതര കണ്ടെത്തലുുള്ള വനം വകുപ്പ് അഡീഷനൽ പിസിസിഎഫ് റിപ്പോർട്ടിന്‍റെ  പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് . അതേസമയം നടപടി വേണമെന്ന ശുപാർശ ഉണ്ടായിട്ടും സാജനെതിരെ കൂടുതൽ അന്വേഷണം നടത്തണമെന്ന നിലപാടിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. കേസിൽ സാജനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു എന്ന ആക്ഷേപം ഇതോടെ ശക്തമാവുകയാണ്.

എന്‍.ടി സാജന്‍ മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നും കേസ് അട്ടിമറിക്കാന്‍ വ്യാജക്കേസ് സൃഷ്ടിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മുട്ടില്‍ വില്ലേജിലെ മണിക്കുന്ന് മല എന്ന സ്ഥലത്തെ സ്വകാര്യഭൂമിയില്‍ നടന്ന മരംമുറിക്കല്‍ വനംഭൂമിയിലാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം.  ഇതിലൂടെ മുട്ടില്‍ മരംമുറിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കുടുക്കുകയും കേസ് അട്ടിമറിക്കുകയുമായിരുന്നു ലക്ഷ്യം. വയനാട്ടിലെത്തിയ എന്‍.ടി സാജന്‍ പ്രതികളെ നേരിട്ട് കാണുകയും ഗൂഢാലോചന നടത്തുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രന്‍, വനംവകുപ്പ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എന്‍.ടി സാജനെതിരെ  ഗുരുതര കണ്ടെത്തലുകളുള്ളത്.

മരംമുറി കണ്ടെത്തിയ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എംകെ സമീറിന്‍റെ പരാതിയിൽ അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രൻ സമർപ്പിച്ച് റിപ്പോർട്ടിലാണ് എൻ.ടി സാജനെതിരായ ഗുരുതര കണ്ടെത്തലുകളുള്ളത്. സമീറിനെ മറ്റൊരു മരംമുറി കേസിൽ സാജൻ കുടുക്കി റിപ്പോർട്ട് നൽകിയന്നാണ് കണ്ടെത്തൽ. മുട്ടിൽ മരംമുറി കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ആൻറോ അഗസ്റ്റിൻ എന്നിവർക്ക് വേണ്ടിയായിരുന്നു സാജന്‍റെ  നീക്കം. മേപ്പാടി മരം മുറി അന്വേഷിക്കാൻ എത്തിയ സാജൻ രഹസ്യവിവരം ലഭിച്ചെന്ന പേരിൽ മണിക്കുന്നിമലയിലെ സ്വകാര്യ ഭൂമിയിൽ നിന്നും മരം മുറിച്ചത് അന്വേഷിച്ചു. സമീറിനെതിരെ രഹസ്യവിവരം നൽകിയത് പ്രതികൾ തന്നെയായിരുന്നു. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം തെളിവാണെന്നും റിപ്പോർട്ടിലുണ്ട്. സാജനൊപ്പം ഒരു മാധ്യമപ്രവർത്തകനും ഈനീക്കത്തിൽ പങ്കുണ്ടെന്നാണ് രാജേഷ് രവീന്ദ്രന്‍റെ റിപ്പോർട്ട്. സമീറിനെതിരെ കേസ് കെട്ടിച്ചമച്ചക്കാൻ സാജന്‍റെ ഓഫീസിനെയും മാധ്യമപ്രവർത്തകനെയും പ്രതികൾ ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. മണിക്കുന്ന് മലയിലെ കേസ് എന്തായി എന്ന് ചോദിച്ച് രണ്ടുതവണ മാധ്യമപ്രവര്‍ത്തകന്‍ ഫ്‌ളയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒയെ വിളിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സാജനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് വനംവകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

ജൂൺ 29 നായിരുന്നു രാജേഷ് രവീന്ദ്രൻ 18 പേജുള്ള റിപ്പോർട്ട് നൽകിയത്. വനംവകുപ്പിന്‍റെ കേസ് അട്ടിമറിക്കാൻ ശ്രമിച്ച സാജനെതിരെ നടപടി വേണമെന്ന് ശുപാർശ ചെയ്ത റിപ്പോർട്ട് വനംവകുപ്പ് അംഗീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറുകയായിരുന്നു. എന്നാൽ കൂടുതൽ അന്വേഷണം നടത്തണമെന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചത്. സാജൻ എതിരെ ഗുരുതര കണ്ടെത്തലുകൾ ഉണ്ടായിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത മുഖ്യമന്ത്രി നേരിട്ട് സാജനെ സംരക്ഷിക്കുന്നതിനെ ഭാഗമായാണ് എന്ന ആക്ഷേപവും ഇതോടെ ശക്തമാവുകയാണ്.