കാണാതായ കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നവാസിന് എതിരെ ഉന്നത തലത്തിൽ ഗുഢാലോചന നടന്നതായി ആക്ഷേപം. നവാസ് അറസ്റ്റ് ചെയ്ത് വ്യക്തിയെ മോചിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭയിലെ ഒരു ഉന്നതൻ ഇടപെട്ടുവന്നാണ് സൂചന. ഇക്കാര്യത്തിൽ ഉന്നത പോലിസ് ഉദ്യോഗസ്ഥർ നവാസിനെ ഒറ്റപ്പെടുത്തി.
ഏതാനും മാസങ്ങൾക്കു മുൻപ് ഒരു പ്രമുഖ ജ്വല്ലറിയുടമ ഐ.ജി റാങ്കിലുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവിൽ നിന്ന് 20 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. കടം നൽകിയ ആൾ മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ പണം തിരികെ ചോദിച്ചെങ്കിലും നൽകാൻ ജ്വല്ലറിയുടമ തയാറായില്ല. ഇതിനെ തുടർന്ന് ഇദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ ഐ.ജി കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ ചുമതലപ്പെടുത്തി. കമ്മീഷണര്‍ സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ നവാസിനോട് അറസ്റ്റ് ചെയ്യാന്‍ നിർദേശം നല്കി. തുടർന്ന് നവാസ് ജ്വല്ലറിയുടമയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്വർണ വ്യാപാര സംഘടനയിലെ പ്രമുഖനായിരുന്നു ജ്വല്ലറിയുടമ. ഇതോടെ സംഘടന വിഷയത്തില്‍ ഇടപെട്ടു.മന്ത്രിസഭയിലെ ഒരു പ്രമുഖ മന്ത്രിയും വിഷയത്തില്‍ ഇടപെടുകയുണ്ടായി.
ഇതോടെ കേസില്‍ ഇടപെട്ട ഉന്നത ഉദ്യോഗസ്ഥര്‍ പിന്മാറി. നവാസ് ഒറ്റപ്പെടുകയും ചെയ്തു. ഈ സമ്മര്‍ദത്തിനിടെ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസിലെ പ്രതിയെ അറസ്റ്റു ചെയ്ത വിവരം അസിസ്റ്റന്റ് കമ്മീഷണറെ അറിയിക്കാൻ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്ന് വയര്‍ലെസിലൂടെ അസിസ്റ്റന്റ് കമ്മീഷണർ നവാസിനെ ശാസിച്ചു. നവാസിനെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഇതിനെ തുടർന്ന് നവാസ് കടുത്ത സമ്മര്‍ദത്തിലായെന്ന് സഹപ്രവർത്തകർ പറയുന്നു. നവാസിന്റെ ഭാര്യയുടെ വെളിപ്പെടുത്തലുകളും ഇക്കാര്യം ശരിവെക്കുന്നു. സത്യസന്ധനും നീതിമാനുമായ ഉദ്യോഗസ്ഥനായിരുന്നു നവാസ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ തിരോധാനം ഭരണത്തിലെ ഉന്നതരുടെ ഇടപെടലുകള്‍ കൊണ്ടുകൂടിയാണെന്ന് വ്യക്തമാവുകയാണ്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.