ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി; പൊട്ടിക്കരഞ്ഞ് കൃഷ്ണനും സത്യനാരായണനും

Jaihind Webdesk
Wednesday, February 20, 2019

Rahul-Father-Kripesh-Sarath

പെരിയയില്‍ സിപിഎമ്മിന്‍റെ കൊലക്കത്തിക്ക് ഇരയായ കൃപേഷിന്‍റെയും ശരത്‌ലാലിന്‍റെയും മാതാപിതാക്കളെ ആശ്വസിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാഹുലിനോട് സംസാരിക്കുന്നതിനിടെ സങ്കടം താങ്ങാനാകാതെ കൃഷ്ണനും സത്യനാരായണനും വിങ്ങിപ്പൊട്ടി. കോണ്‍ഗ്രസ് നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍റെ ഇടറിയ ശബ്ദത്തിലുള്ള ഉറപ്പ് രണ്ടുപേരെയും പൊട്ടിക്കരയിച്ചു. കേരളത്തില്‍ എത്തുമ്പോള്‍ പെരിയയിലെ വീട്ടിലെത്തുമെന്നും രാഹുല്‍ ഇരുവര്‍ക്കും ഉറപ്പേകി. രാഹുലിന്‍റെ വാക്കുകള്‍ കേട്ട് കൃഷ്ണനും സത്യനാരായണനും മുഖംപൊത്തി കരഞ്ഞു.

വൈകിട്ട് നാലുമണിയോടെയാണ് രാഹുലിന്‍റെ ഫോണ്‍വിളിയെത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ ഫോണില്‍ നിന്നും ജില്ലാ യുഡിഎഫ് കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായരുടെ ഫോണിലേക്കാണ് രാഹുല്‍ വിളിച്ചത്. രണ്ടുപേരുടെയും കൈയില്‍ ഫോണ്‍ കൊടുക്കാന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. ഡിസിസി ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയയാണ് രാഹുലിന്‍റെ സംഭാഷണം മലയാളത്തിലേക്ക് തര്‍ജിമചെയ്തുകൊടുത്തത്. ആശ്വാസവാക്കുകള്‍ കേട്ട് പൊട്ടിക്കരഞ്ഞ കൃപേഷിന്‍റെ അച്ഛന്‍ കൃഷ്ണനെ ശരത്ത് ലാലിന്‍റെ അച്ഛന്‍ സത്യനാരായണന്‍ ചേര്‍ത്തുപിടിച്ചെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍റെ ആശ്വാസവാക്കുകള്‍ക്കിടെ അദ്ദേഹവും നിയന്ത്രണം വിട്ടു കരഞ്ഞു പോയി.

ഞായറാഴ്ച രാത്രിയാണ് സിപിഎം ഗുണ്ടകളുടെ പൈശാചികമായ അക്രമത്തിനിരയായി കൃപേഷും ശരത്തും മരണത്തിന് കീഴടങ്ങിയത്. കൃപേഷ് സംഭവസ്ഥലത്തും ശരത് ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. ഉറ്റ സുഹൃത്തുക്കളായിരുന്നു ഇരുവര്‍ക്കും അന്തിമവിശ്രമത്തിനുള്ള ഇടമൊരുക്കിയതും അടുത്തടുത്തായിരുന്നു.

സംഭവത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പീതാംബരനാണ് കൃപേഷിന്‍റെ തലയ്ക്ക് വെട്ടിയതെന്നാണ് മൊഴി.