ഹരിയാനയില്‍ ബി.ജെ.പിയുടെ ‘ടിക് ടോക് സ്ഥാനാര്‍ത്ഥി’യെ 30,000 വോട്ടുകള്‍ക്ക് തകർത്ത് കോണ്‍ഗ്രസ്

Jaihind News Bureau
Thursday, October 24, 2019

ഹരിയാനയിലെ അദംപൂരില്‍ ടിക് ടോക് താരത്തെ സ്ഥാനാര്‍ത്ഥിയാക്കിയ ബി.ജെ.പിയുടെ തന്ത്രം ഏശിയില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുല്‍ദീപ് ബിഷ്ണോയി 30,000 ഓളം വോട്ടുകള്‍ക്ക് സൊനാലി ഫൊഗാട്ടിനെ പരാജയപ്പെടുത്തി. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാലിന്‍റെ മകനാണ് കുല്‍ദീപ് ബിഷ്ണോയ്.

ടിക് ടോക് വീഡിയോകളില്‍ സജീവമായിരുന്ന സൊനാലി ഫോഗട്ടിനെ അദംപൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയ ബി.ജെ.പിയുടെ നീക്കത്തിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. തന്‍റെ വിജയം ഉറപ്പാണെന്ന തരത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഫോഗട്ട് നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുല്‍ദീപ് ബിഷ്ണോയ് 64,000 വോട്ടുകള്‍ നേടിയപ്പോള്‍ കഷ്ടിച്ച് 34,000 വോട്ടുകള്‍ മാത്രമാണ് ബി.ജെ.പിയുടെ ടിക് ടോക് താരത്തിന് നേടാനായത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുല്‍ദീപ് ബിഷ്‌ണോയി 51.66 ശതമാനം വോട്ടും നേടിയപ്പോള്‍ ആകെ വോട്ടിന്‍റെ 27.8 ശതമാനം മാത്രമാണ് ബി.ജെ.പി സ്ഥാനാർത്ഥി ഫോഗട്ടിന് നേടാനായത്. ജന്‍ നായക് ജനതാ പാര്‍ട്ടി 12.55 ശതമാനം വോട്ടും നേടി. രമേശ് കുമാറാണ് ജന്‍ നായത് ജനതാ പാർട്ടിയുടെ സ്ഥാനാര്‍ത്ഥി. രമേശ് കുമാറിന് 15,000 വോട്ടുകളാണ് ലഭിച്ചത്.

ടിക് ടോക് സ്ഥാനാര്‍ത്ഥിയുടെയും ബി.ജെ.പിയുടെയും വാചകക്കസര്‍ത്തിന് കരുത്താർന്ന വിജയത്തിലൂടെയാണ് കോണ്‍ഗ്രസ് മറുപടി നല്‍കിയത്.  90 ല്‍ 75 സീറ്റ് പ്രതീക്ഷിച്ചിരുന്ന ബി.ജെ.പിക്ക് ഹരിയാനയില്‍ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. 40 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പിക്ക് ലീഡുള്ളത്. അതേസമയം 30 സീറ്റുകളില്‍ കോണ്‍ഗ്രസ് വ്യക്തമായ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. 10 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ജന്‍ നായക് ജനതാ പാർട്ടിയുടെ (ജെ.ജെ.പി) പിന്തുണ ഹരിയാനയിലെ സർക്കാർ രൂപീകരണത്തില്‍ നിർണായകമാവും.