പൗരവിചാരണ ഇടത് സര്‍ക്കാറിനുള്ള കുറ്റപത്രം; കെ സുധാകരന്‍ എംപി, ആയിരങ്ങള്‍ അണിചേര്‍ന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് ഇന്ന് തുടക്കം.

സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പൗര വിചാരണയ്ക്ക് തുടക്കം. ആദ്യഘട്ട പ്രക്ഷോഭ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മുന്നില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി നിര്‍വഹിച്ചു. പാളയം ആശാന്‍ സ്‌ക്വയറില്‍ നിന്നും ആരംഭിച്ച പ്രതിഷേധ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ കെ സുധാകരന്‍ എംപി യോടൊപ്പം ആയിരങ്ങള്‍ അണിചേര്‍ന്നു.

ആദ്യഘട്ട പ്രതിഷേധ സമരം തുടക്കം മാത്രമാണെന്നും സമരത്തെ മുഖ്യമന്ത്രി നിസ്സാരമായി കാണേണ്ട എന്നും ഉദ്ഘാടന പ്രസംഗത്തില്‍ കെ സുധാകരന്‍ എംപി പറഞ്ഞു.കോണ്‍ഗ്രസിന്റെ പൗരവിചാരണ ഇടത് സര്‍ക്കാറിനുള്ള കുറ്റപത്രമാണെന്നും പിണറായി ഭരണത്തില്‍ കേരളം മാഫിയകളുടെ നാടായി മാറിയെന്നും കെപിസിസി പ്രസിഡണ്ട് പറഞ്ഞു . സ്വപ്ന സുരേഷ് ഗുരുതരമായ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കെതിരെയും മന്ത്രിമാര്‍ക്കെതിരെയും നടത്തിയിട്ടും എന്തുകൊണ്ട് ഒരു പെറ്റി കേസ് പോലും കൊടുക്കാന്‍ തയ്യാറാകുന്നില്ല എന്നും കെ സുധാകരന്‍ എം പി ചോദിച്ചു.
എം പി രാജ്‌മോഹനുണ്ണിത്താന്‍ , തിരുവനന്തപുരം ഡിസിസി പ്രസിഡണ്ട് പാലോട് രവി , മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു . സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ആദ്യഘട്ട പരിപാടികള്‍ക്കാണ് ഇന്ന് തുടക്കമായത് .

അതേസമയം, വിവിധ ജില്ലാ കേന്ദ്രങ്ങളിലും കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച് നടത്തി. ഡിസിസികളുടെ നേതൃത്യത്തില്‍ കളക്‌ട്രേറ്റുകളിലേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ കോഴിക്കോട് കളക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ ആണ് കോണ്‍ഗ്രസിന്റെ തീരുമാനം.

Comments (0)
Add Comment