സോണിയാ ഗാന്ധി തുടരും: പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നടപടികള്‍; ഓഗസ്റ്റില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്

Jaihind Webdesk
Sunday, March 13, 2022

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരാന്‍ പ്രവര്‍ത്തകസമിതി യോഗത്തില്‍ തീരുമാനം. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് യോഗം വിശദമായി ചര്‍ച്ച ചെയ്തു. എല്ലാ നേതാക്കളും  ചർച്ചയില്‍ പങ്കെടുത്തു. പിഴവുകള്‍ തിരുത്തി പാര്‍ട്ടിയെ ശക്തമായി മുന്നോട്ടുനയിക്കാനായി ഒരു മാസത്തിനുള്ളില്‍ ചിന്തന്‍ ശിബിര്‍ സംഘടിപ്പിക്കും. ഓഗസ്റ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പുണ്ടാകുമെന്നും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി അറിയിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു നേതാക്കള്‍.

അഞ്ച് സംസ്ഥാനങ്ങളിലെ പരാജയങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുകയും ഭാവി തെരഞ്ഞെടുപ്പുകളെ നേരിടുന്നതിനുള്ള ഉള്ളുതുറന്ന ചർച്ചയാണ് നടന്നതെന്ന് കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ചുമതലയുള്ള എല്ലാ നേതാക്കളും വസ്തുനിഷ്ഠമായ വിലയിരുത്തലുകൾ നടത്തി. തെരഞ്ഞെടുപ്പിലുണ്ടായ പാകപ്പിഴകൾ എന്തൊക്കെയാണ്, പാർട്ടിയെ എങ്ങനെ ശക്തമായി മുന്നോട്ടുകൊണ്ടുപോകണം തുടങ്ങി യോജിച്ച ഒരു ശക്തമായ സന്ദേശമാണ് കോൺഗ്രസ് പ്രവർത്തകസമിതിയിൽ ഉണ്ടായത്. വ്യക്ത്യാധിഷ്ഠിതമായ അഭിപ്രായങ്ങളല്ല എല്ലാവരും യോജിച്ച് സംഘടനാപരമായ പാകപ്പിഴകൾ മറികടന്ന് മുന്നോട്ടുപോകണമെന്ന ചർച്ചകളാണ് ഉണ്ടായതെന്നും കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു.

പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കണമെന്ന് യോഗം സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടു. ഓഗസ്റ്റിൽ കോൺഗ്രസ് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കും. അടിയന്തരമായി സംഘടനയിൽ വേണ്ട അഴിച്ചുപണികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് നിലവിലെ അധ്യക്ഷ സോണിയാ ഗാന്ധിയെ യോഗം ചുമതലപ്പെടുത്തി.  അർഹതപ്പെട്ട ആർക്കും കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ അവസരമുണ്ടാകുമെന്ന് കെ.സി വേണുഗോപാൽ എം.പി പറഞ്ഞു. സംഘടനാപരമായ പിഴവുകള്‍ തിരുത്താനും വരുന്ന തെരഞ്ഞെടുപ്പുകളെ കരുത്തോടെ നേരിടാന്‍ പാര്‍ട്ടിയെ പര്യാപ്തമാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കും. മൂന്ന് ദിവസം നീളുന്ന ചിന്തന്‍ ശിബിറില്‍ ഇതിനുള്ള ചര്‍ച്ചകള്‍ നടക്കുമെന്നും കെ.സി വേണുഗോപാല്‍ എം.പി അറിയിച്ചു. എഐസിസി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാലയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.